മുംബൈ- വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ വർധനവിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്കുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. ഒക്ടോബർ 6 മുതൽ സർവീസുകൾക്ക് ഫ്യുവൽ സർചാർജ് ഏർപ്പെടുത്താൻ കമ്പനി തീരുമാനിച്ചതോടെ യാത്രക്കാരുടെ പോക്കറ്റ് കീറും. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇൻഡിഗോ സർവീസുകളെ ഈ നിരക്ക് വർധന കാര്യമായി ബാധിക്കും. ഗൾഫ് യാത്രക്കാർ 5,500 രൂപ വരെ ഇന്ധന സർചാർജ് ആയി അധികം നൽകേണ്ടി വരും. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റ് റൂട്ടുകളിലേക്കുമുള്ള ടിക്കറ്റുകൾക്ക് മേലാണ് 5,500 രൂപ ഫ്യുവൽ സർചാർജ് ചുമത്തുക.
ആഭ്യന്തര സർവീസുകൾക്ക് യാത്ര ചെയ്യുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ 100 രൂപ മുതൽ 350 രൂപ വരെയാണ് ഇന്ധന സർ ചാർജ് വർധിപ്പിച്ചിരിക്കുന്നത്.
500 കി.മീ വരെ: 375 രൂപ
501 മുതൽ 1,000 കി.മീ വരെ: 600 രൂപ
1,001 മുതൽ 1,500 കി.മീ വരെ: 900 രൂപ
1,501 മുതൽ 2,000 കി.മീ വരെ: 1,150 രൂപ
2,000 കി.മീറ്ററിന് മുകളിൽ: 1,300 രൂപ
എന്നിങ്ങനെയാണ് ആഭ്യന്തര സർവീസുകൾക്ക് ഏർപ്പെടുത്തുക.
അന്താരാഷ്ട്ര റൂട്ടുകളിലും ഇന്ധന സർചാർജ് കൂട്ടിയിട്ടുണ്ട്. യാത്ര ചെയ്യുന്ന രാജ്യത്തിന്റെ ദൂരത്തിനനുസരിച്ച് 1,000 രൂപ മുതൽ 10,000 രൂപ വരെ അധിക തുക ഈടാക്കും.
പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ക്രൂഡ് ഓയിൽ വിലയിലുണ്ടായ വ്യതിയാനമാണ് ഇതിലേക്ക് നയിച്ചത്. വിമാന ഇന്ധന വിലയിൽ ഒരൊറ്റ മാസം കൊണ്ട് 14 ശതമാനത്തിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് എയർലൈൻസിന്റെ പ്രവർത്തനച്ചെലവ് വലിയ രീതിയിൽ വർധിപ്പിച്ചതിനാലാണ് നിരക്ക് കൂട്ടാൻ നിർബന്ധിതരായതെന്നാണ് കമ്പനിയുടെ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







