റിയാദ്- മാധ്യമപ്രവർത്തനത്തോട് അഭിരുചിയുള്ള പ്രവാസി മലയാളികൾക്ക് വാർത്താലോകത്തിന്റെ പുതിയ സാധ്യതകൾ സമ്മാനിച്ച് റിയാദ് ഇന്ത്യൻ മീഡിയ ഫോറം നടത്തിയ ജേണലിസം ട്രെയിനിങ് പ്രോഗ്രാം പൂർത്തിയായി.
കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വിവിധ പരിപാടികളോടെ അരങ്ങേറി. സീന അജി ഒന്നാം റാങ്കും യൂനുസ് തോട്ടത്തിൽ രണ്ടാം റാങ്കും പ്രദീപ് ബി. മൂന്നാം റാങ്കും നേടി.
റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച ‘അക്ഷരോണം’ സാംസ്കാരിക വിരുന്നിലാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മൈമൂന അബ്ബാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് ജലീൽ ആലപ്പുഴ അധ്യക്ഷത വഹിച്ചു.
2016ലാണ് മീഡിയ ഫോറം ആദ്യമായി ജേണലിസം പരിശീലന കോഴ്സ് ആരംഭിച്ചത്. വാർത്താ റിപ്പോർട്ടിങ്, എഡിറ്റിങ് എന്നിവയ്ക്ക് പുറമെ സിറ്റിസൺ ജേർണലിസം, ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ എന്നിവ ഉൾപ്പെടുത്തിയുള്ള പരിശീലനമാണ് നൽകിയത്. വസ്തുതാപരമായ വാർത്തകൾ തിരിച്ചറിയാനും മാധ്യമ അവബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കാനുമാണ് കോഴ്സിലൂടെ ലക്ഷ്യമിട്ടതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
മാറുന്ന വാർത്താ നിർമ്മാണ രീതികളും ദൃശ്യമാധ്യമ സാങ്കേതികവിദ്യകളും പരിചയപ്പെടുത്തിയ പരിശീലനത്തിന്റെ ഭാഗമായി പഠിതാക്കൾ തയാറാക്കിയ ന്യൂസ് ബുള്ളറ്റിനുകളുടെ പ്രദർശനവും നടന്നു.
ഷിഹാബ് കൊട്ടുകാട്, സി.പി. മുസ്തഫ, സുരേന്ദ്രൻ കൂട്ടായി, റഹ്മാൻ മുനമ്പത്ത്, അവൈസ് ഇബ്രാഹിം, നസറുദ്ദീൻ വി.ജെ, ഷിബു ഉസ്മാൻ എന്നിവർ ആശംസകൾ നേർന്നു. പഠിതാക്കളായ സീന അജി, അഡ്വ. എൽ.കെ. അജിത് എന്നിവർ പഠനാനുഭവങ്ങൾ പങ്കുവെച്ചു. കൾച്ചറൽ കൺവീനർ ഷംനാദ് കരുനാഗപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ സ്വാഗതവും ട്രഷറർ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







