കോഴിക്കോട്- കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറെ വിനയത്തോടെ സ്വീകരിക്കുന്നതായി ഡോ.എം.കെ മുനീർ. പുതിയ ദൗത്യം പൊതുജീവിതത്തിലെ നിർണായകമായൊരു ഉത്തരവാദിത്വമായാണ് കാണുന്നതെന്നും ഈ ഉത്തരവാദിത്വത്തിലേക്ക് പരിഗണിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുഖ്യമന്ത്രി വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്ക് നന്ദി രേഖപ്പെടുത്തുന്നതായും മുനീർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഭരണസംവിധാനം കൂടുതൽ ജനകീയവും കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമാക്കുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുക എന്നതാണ് ഭരണപരിഷ്കാര കമ്മീഷന്റെ പ്രധാന ദൗത്യം. ഭരണനടപടികളിലെ കാലതാമസവും സങ്കീർണതകളും കുറയ്ക്കുക, വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക, അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യയും മാനേജ്മെന്റ് രീതികളും ഫലപ്രദമായി പ്രയോജനപ്പെടുത്തുക, ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും ലളിതമായും സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ നിർദേശിക്കുക എന്നിവ ഈ ദൗത്യത്തിന്റെ പ്രധാന ഭാഗങ്ങളാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന ഭരണസംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ഉത്തരവാദിത്വത്തെ ഞാൻ സമീപിക്കുന്നത്. കഴിവിന്റെ പരമാവധി ആത്മാർത്ഥതയോടും നിഷ്പക്ഷതയോടും ഉത്തരവാദിത്വബോധത്തോടും കൂടി ഈ ദൗത്യം നിർവഹിക്കാൻ ശ്രമിക്കുമെന്നും മുനീർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







