തെൽ അവീവ്- ദുബായിൽ നിന്ന് തെൽ അവീവിലേക്കുള്ള യാത്രാമധ്യേ ഫ്ലൈ ദുബായ് വിമാനത്തിൽ നടന്ന അനിഷ്ട സംഭവങ്ങൾ വിമാനം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ശ്രമമായിരുന്നുവെന്ന് ഇസ്രായേൽ.
കോക്ക്പിറ്റിൽ അതിക്രമിച്ച് കയറി വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങൾ തകർക്കാൻ ശ്രമിച്ച പൈലറ്റിനെ ഒരു ക്രൂ അംഗവും ഇസ്രായേലി യാത്രക്കാരനും ചേർന്ന് സാഹസികമായി കീഴടക്കുകയായിരുന്നു. ഇവരുടെ ധീരമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായതെന്ന് പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സും വ്യക്തമാക്കി. യാത്രക്കാരെ മുഴുവൻ അപായപ്പെടുത്തുകയായിരുന്നു ആക്രമണകാരിയുടെ ലക്ഷ്യമെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഫ്ലൈ ദുബായ് വിമാന സർവീസുകൾ നിർത്തിവെക്കാൻ ഉത്തരവിട്ട് നെതന്യാഹു
അതേസമയം, സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും ഉദ്ദേശ്യങ്ങളും വ്യക്തമാകാൻ കൂടുതൽ സമയമെടുക്കുമെന്ന് ഫ്ലൈ ദുബായ് വക്താവ് പ്രതികരിച്ചു. സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് സംയുക്ത അന്വേഷണം പുരോഗമിക്കുകയാണെന്നും ഇസ്രായേൽ ഗതാഗത മന്ത്രാലയം അറിയിച്ചു.
തബൂക്കിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാരെ ഇസ്രായേലിലേക്ക് തിരികെയെത്തിക്കാൻ ഇസ്രായേൽ വിമാനത്തിന് പ്രവേശനാനുമതി നൽകാൻ സൗദി അറേബ്യ വിസമ്മതിച്ചതായി ‘യെദിയോത്ത് അഹ്റോനോത്ത്’ പത്രം റിപ്പോർട്ട് ചെയ്തു. തുടർന്ന് മറ്റൊരു ഫ്ലൈ ദുബായ് വിമാനത്തിലാണ് യാത്രക്കാർ യാത്ര തുടർന്നത്.







