റിയാദ്- 27-ാമത് അറേബ്യൻ ഗൾഫ് കപ്പിൽ ഇന്ന് ആതിഥേയരായ സൗദി അറേബ്യ ഒമാനെ നേരിടും. രാത്രി 9 മണിക്ക് ജിദ്ദകിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് എ ഗ്രൂപ്പിൽ സൗദിയുടെ രണ്ടാം മത്സരം. നിലവിൽ ആദ്യ മത്സരം ജയിച്ച് മൂന്ന് പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ് സൗദി. ഇറാഖുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഒരു പോയിന്റുമായി ഒമാൻ രണ്ടാം സ്ഥാനത്താണ്.
അന്താരാഷ്ട്ര വേദികളിൽ ഒമാനെതിരെ സൗദി അറേബ്യക്ക് വ്യക്തമായ മേധാവിത്ത്വമുണ്ട്. ഇരുടീമുകളും ഇതുവരെ 26 തവണ നേർക്കുനേർ വന്നപ്പോൾ 18 മത്സരങ്ങളിലും സൗദി അറേബ്യ വിജയിച്ചു. ഒമാൻ 4 മത്സരങ്ങളിൽ മാത്രമാണ് വിജയം കണ്ടത്. 4 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. 2025 ഡിസംബറിൽ നടന്ന ഫിഫ അറബ് കപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സൗദി അറേബ്യ 2-1ന് ഒമാനെ പരാജയപ്പെടുത്തിയിരുന്നു.
അറേബ്യൻ ഗൾഫ് കപ്പ്: സൗദിക്ക് വിജയത്തുടക്കം; ഇന്ന് യു.എഇ- യെമൻ, ഖത്തർ- ബഹ്‌റൈൻ
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കുവൈത്ത് ഇറാഖിനെ നേരിടും. വൈകുന്നേരം 6.55ന് ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ കുവൈത്ത് ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.







