തെഹ്റാൻ- ന്യൂയോർക്കിലെ യു.എസ്- ഇറാൻ ചർച്ചകളെച്ചൊല്ലി തെഹ്‌റാനിൽ ശക്തമായ അഭിപ്രായഭിന്നതകൾ ഉടലെടുക്കുന്നു. വിട്ടുവീഴ്ചകൾ ചെയ്യാൻ ഇറാൻ ചർച്ചാ പ്രതിനിധികൾക്ക് എത്രത്തോളം അധികാരമുണ്ടെന്ന കാര്യത്തിൽ ന്യൂയോർക്കിലെ ഇറാൻ- യുഎസ് ചർച്ചകൾ സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി യു.എസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ, തെഹ്‌റാനിൽ വിമർശനങ്ങൾ ഉയർന്നതായി യു.കെ ആസ്ഥാനമായുള്ള ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. ഇറാനിലെ നയരൂപീകരണ സമിതികൾ ഈ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിരുന്നില്ലെന്ന് റെവല്യൂഷണറി ഗാർഡിനു കീഴിലെ തസ്‌നീം വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.
അതേസമയം, നയതന്ത്ര നീക്കങ്ങളെ ഇറാൻ ഉദ്യോഗസ്ഥർ തുടർന്നും ന്യായീകരിക്കുന്നുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ന്യൂയോർക്കിലെ കൂടിക്കാഴ്ച നടന്നതെന്നും ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അറിയിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികളുടെ ക്രമത്തെ കുറിച്ച് അമേരിക്കക്കും ഇറാനും ധാരണയിലെത്താൻ കഴിയുമോ എന്നതും, ഒരു കരാറിലെത്താൻ ഇറാൻ ചർച്ചാ പ്രതിനിധികൾക്ക് ആഭ്യന്തരതലത്തിൽ മതിയായ പിന്തുണയുണ്ടോ എന്നതും ആയി രണ്ട് പ്രധാന ചോദ്യങ്ങളാണ് ഇതോടെ ഉയരുന്നത്.
ഇറാനെതിരായ നാവിക ഉപരോധത്തിന്റെ ഭാഗമായി 115 വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിട്ടതായി യു.എസ് സൈന്യം ബുധനാഴ്ച അറിയിച്ചു. ഇറാനുമായുള്ള വ്യാപാരം നിയന്ത്രിക്കാൻ അമേരിക്ക ശ്രമിക്കുന്നതിനിടെ സമുദ്രഗതാഗതത്തിന്മേൽ സമ്മർദ്ദം വർധിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു. അമേരിക്കയുടെ സ്റ്റീൽ വാൾ ബ്ലോക്കേഡ് (ഉരുക്ക് മതിലിന് സമാനമായ ഉപരോധം) നടപ്പിലാക്കി, സെപ്റ്റംബർ 23 വരെ 115 വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് എക്സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പിൽ അറിയിച്ചു. പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്ത കപ്പലുകളെയല്ല, മറിച്ച് ഉപരോധത്തിന്റെ ഭാഗമായി വഴിതിരിച്ചുവിട്ട കപ്പലുകളുടെ കണക്കാണിത്. ഇറാൻ തുറമുഖങ്ങളിലേക്കോ അവിടെനിന്നോ സഞ്ചരിക്കുന്ന കപ്പലുകളെയാണ് ഉപരോധം ലക്ഷ്യമിടുന്നതെന്നും, മേഖലയിലെ മറ്റ് വാണിജ്യ കപ്പലുകളുടെ സഞ്ചാരം അനുവദിക്കുന്നുണ്ടെന്നും യു.എസ് സെൻട്രൽ കമാൻഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.







