ജിദ്ദ: വാഹന നിർമ്മാണ മേഖലയിൽ ആഗോളതലത്തിൽ വൻ കുതിച്ചുചാട്ടത്തിന് തുടക്കമിട്ട്, സൗദി അറേബ്യയിലെ ആദ്യത്തെ നാഷണൽ ഓട്ടോമോട്ടീവ് കമ്പനിയായ ‘സീർ’ (Ceer) നിർമ്മിച്ച ആദ്യ കാറുകൾ പുറത്തിറക്കി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (PIF) ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് വാഹനം ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. ‘എക്സോബോട്ട്’ (Exobot) എന്നാണ് ആദ്യ മോഡലിന് നാമകരണം ചെയ്തിരിക്കുന്നത്.
സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങളോട് ചേർന്നുനിൽക്കുന്നതും, ആഗോള വാഹന നിർമ്മാണ ഭൂപടത്തിൽ രാജ്യത്തിന്റെ സ്ഥാനം ശക്തമാക്കുന്നതുമായ ചരിത്രപരമായ ചുവടുവെപ്പാണിതെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കി. സുസ്ഥിരമായ വ്യാവസായിക സംവിധാനം കെട്ടിപ്പടുക്കാനും, സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി വാഹനമേഖലയെ മാറ്റാനും ഈ പദ്ധതി ഉപകരിക്കും. വിദേശ നിക്ഷേപങ്ങൾ ആകർഷിച്ചും ദേശീയ പ്രതിഭകൾക്ക് അവസരം നൽകിയും മേഖലയിലെ പ്രമുഖ ഓട്ടോമോട്ടീവ് ഹബ്ബായി സൗദിയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന സവിശേഷതകൾ:
- ഏഴ് മോഡലുകൾ: സീർ കമ്പനിയിൽ നിന്നുള്ള ആദ്യ ഉൽപ്പന്നങ്ങളായി എക്സോബോട്ടിന്റെ സെഡാൻ, എസ്.യു.വി (SUV) പതിപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിപണിയിലെത്തിക്കുന്ന ഏഴ് പുതിയ മോഡലുകളിൽ ആദ്യത്തേതാണ് ഇവ.
- പ്രാദേശിക നിർമ്മാണം: റാബിഗിലെ ‘കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി’യിൽ (KAEC) സ്ഥിതി ചെയ്യുന്ന കിംഗ് സൽമാൻ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി കോംപ്ലക്സിലാണ് ഈ വാഹനങ്ങൾ നിർമ്മിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും അത്യാധുനികവുമായ നിർമ്മാണ ശാലകളിലൊന്നാണിത്.
- സൗദി സംസ്കാരം പ്രതിഫലിക്കുന്ന ഡിസൈൻ: സൗദിയുടെ ഭൂപ്രകൃതിയിൽ നിന്നും സംസ്കാരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കാറിന്റെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ പ്രാദേശികമായാണ് ഇവയുടെ രൂപകൽപ്പന.
വിഷൻ 2030 ലക്ഷ്യങ്ങൾ:
2034 ആകുമ്പോഴേക്കും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് (GDP) 3,000 കോടി റിയാലിലധികം (800 കോടി യു.എസ് ഡോളർ) സംഭാവന നൽകാനും, രാജ്യത്തെ വ്യാപാര സന്തുലിതാവസ്ഥയിൽ വലിയ പുരോഗതി വരുത്താനും കമ്പനി ലക്ഷ്യമിടുന്നു. ഇതിലൂടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
സൗദിയുടെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് കരുത്തേകാൻ 2022-ലാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സൗദിയിലെ ആദ്യത്തെ വാഹന ബ്രാൻഡായി ‘സീർ’ ആരംഭിച്ചത്.







