കയ്റോ – ഈജിപ്തിനെ ഞെട്ടിച്ച് ഗിസയില്‍ ദുരഭിമാനകൊല. വീട്ടില്‍ നിന്ന് ഒളിച്ചോടിയ നഴ്സിംഗ് വിദ്യാര്‍ഥിനിയായ പതിനാറുകാരി അയ റദ്വാനെ ഗിസ ഗവര്‍ണറേറ്റിലെ സഫ് ജില്ലയിലെ കുടുംബവീട്ടില്‍ സഹോദരന് കഴുത്തറുത്ത് കൊലപ്പെടുത്തി. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തുപോയ പോയ 16 കാരിയായ മകളെ കാണാതായതായി അയയുടെ അമ്മ സെപ്റ്റംബര്‍ 13 ന് ഗിസയിലെ സഫ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിദ്യാര്ഥിനയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. സുരക്ഷാ വകുപ്പുകള്‍ സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും വിദ്യാര്‍ഥിനിയെ കണ്ടെത്താന്‍ തിരച്ചിലുകള്‍ നടത്തുകയും ചെയ്തു. അയ റദ്വാനെ അലക്സാണ്ട്രിയയിലെ അഗമിയില് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം മൂന്നു ദിവസത്തിനു ശേഷം അറിയിച്ചു.
ചോദ്യം ചെയ്യലില്‍, സ്വന്തം ഇഷ്ടപ്രകാരമാണ് കുടുംബവീട് വിട്ടുപോയതെന്നും ഒരു പരിചയക്കാരനോടൊപ്പം അലക്സാണ്ട്രിയയില്‍ താമസിക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥിനി സമ്മതിച്ചു. വിദ്യാര്‍ഥിനിക്കൊപ്പം അപാര്ട്ട്മെന്റിലുണ്ടായിരുന്ന യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ ഖല്‍യൂബ് പോലീസ് സ്റ്റേഷന് പരിധിയിലെ താമസക്കാരനും സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്ഡുമാണെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
അയയെ കണ്ടെത്തിയ ശേഷം നിയമാനുസൃത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സുരക്ഷാ വകുപ്പുകള്‍ ബുധനാഴ്ച കുടുംബത്തിന് കൈമാറി. കുടുംബാംഗങ്ങളോടൊപ്പം വീട്ടിലേക്ക് മടങ്ങിയ ശേഷം, വിദ്യാര്‍ഥിനിയെ സഹോദരന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ ശിരസ്സ് ഉടലില്‍ നിന്ന് സഹോദരന് വേര്‍പ്പെടുത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കൃത്യത്തിനു ശേഷം പ്രതി തന്നെ പോലീസില്‍ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പോലീസുകാര്‍ക്കു മുന്നില്‍ കീഴടങ്ങുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ വിശദമായ അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ആയയുടെ അമ്മയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.







