കോഴിക്കോട്- മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ നിശ്ചയിക്കുന്നതിനുള്ള ചർച്ച മുസ്ലിം ലീഗിൽ സജീവമാകുന്നു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായ കമ്മിറ്റി ഉടൻ സ്ഥാനമൊഴിയും. എം.എസ്.എഫ് മുൻ പ്രസിഡന്റും എം.എൽ.എയുമായ പി.കെ നവാസിനെ പ്രസിഡന്റും മിസ്അബ് കീഴരിയൂരിനെ (കോഴിക്കോട്) ജനറൽ സെക്രട്ടറിയും സി.കെ നജാഫിനെ (കണ്ണൂർ) ട്രഷററുമാക്കിയുള്ള പുതിയ കമ്മിറ്റിക്കാണ് കൂടുതൽ സാധ്യത എന്നാണ് ലീഗ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
അതേസമയം, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് അഖിലേന്ത്യ നേതാവുമായ സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ പ്രസിഡന്റാക്കുന്നത് സംബന്ധിച്ചുള്ള ആലോചനയും മുസ്ലിം ലീഗിൽ നടക്കുന്നുണ്ട്.
പാണക്കാട് കുടുംബത്തിൽനിന്നുള്ള ഒരാൾ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്നു എന്നതിന് പുറമെ സമസ്തയുമായുള്ള തർക്കം പരിഹരിക്കുന്നതിനുള്ള ഫോർമുല കൂടിയാണ് ഇത്. നിലവിൽ സമസ്തയിലെ ലീഗ് വിരുദ്ധ കേന്ദ്രങ്ങൾക്ക് താൽപര്യമുള്ളയാളാണ് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. മുഈനലിയെ യൂത്ത് ലീഗ് പ്രസിഡന്റാക്കുന്നതിലൂടെ ലീഗ് വിരുദ്ധ വിഭാഗം ഉയർത്തുന്ന പ്രതിസന്ധി ഇല്ലാതാകുമെന്നും ലീഗ് കേന്ദ്രങ്ങൾ കരുതുന്നുണ്ട്.







