റാസൽ ഖൈമ- റാസൽ ഖൈമയിലെ ഫ്ലമിംഗോ ബീച്ചിൽ കൽക്കരി കത്തിക്കുന്നതിനും ബാർബിക്യൂ ചെയ്യുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതായി റാസൽഖൈമ പബ്ലിക് സർവീസസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ബാർബിക്യൂ ചെയ്ത ശേഷം കൽക്കരിയും മറ്റ് അവശിഷ്ടങ്ങളും ബീച്ചിലെ മണലിൽ ഉപേക്ഷിക്കുന്നത് പരിസരം മലിനമാകുന്നതിന് കാരണമാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. ബീച്ചിന്റെ സ്വാഭാവിക ഭംഗി സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. മണലിൽ ഉപേക്ഷിക്കുന്ന ചൂടുള്ള കൽക്കരികൾ ബീച്ചിലൂടെ നഗ്നപാദരായി നടക്കുന്ന ആളുകൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് വലിയ രീതിയിൽ പൊള്ളലേൽക്കാൻ കാരണമാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി
ശീതകാലവും അടുക്കുന്നതോടെ ബീച്ചുകളിൽ ആളുകൾ ഒത്തുചേരുന്നതും ബാർബിക്യൂ പാർട്ടി നടത്തുന്നതും സാധാരണമാണ്. എന്നാൽ പുതിയ നിയമപ്രകാരം ഇനി മുതൽ ഫ്ലമിംഗോ ബീച്ചിലേക്ക് പോകുന്നവർക്ക് കൽക്കരി ഗ്രില്ലുകളും ബാർബിക്യൂ ഉപകരണങ്ങളും ഉപയോഗിക്കാനാകില്ല.
അൽഐനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ജബൽ ഹഫീത് മലനിരകളിലെ പാർക്കിംഗ് ഏരിയകളിലും ചില നിർദ്ദിഷ്ട പിക്നിക് സ്പോട്ടുകളിലും ബാർബിക്യൂ ചെയ്യുന്നത് അധികൃതർ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







