തിരുവനന്തപുരം: കാൻസർ രോഗിയുടെ ചികിത്സക്കായി പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച തുകയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പ്രമുഖ യൂട്യൂബർ ‘മല്ലൂ ബോയ്സി’നെതിരെ ഗുരുതര ആരോപണം. തിരുവനന്തപുരം സ്വദേശിനിയും കാൻസർ രോഗിയുമായ ഷൈനിയാണ് വ്ലോഗർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ചികിത്സാ സഹായത്തിനായി പുറത്തുവിട്ട വീഡിയോ വഴി രോഗിയുടെ അക്കൗണ്ടിലേക്ക് എത്തിയ തുകയിൽ നിന്ന് ഗൂഗിൾ പേ വഴിയും നേരിട്ടും 2.80 ലക്ഷത്തോളം രൂപ വ്ലോഗർ കൈക്കലാക്കിയെന്നാണ് പ്രധാന വെളിപ്പെടുത്തൽ.
കാൻസറിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്ന ഷൈനിക്ക് ആശുപത്രി ബില്ല അടക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് മേയ് 28-ന് മല്ലൂ ബോയ്സ് സഹായ അഭ്യർത്ഥനയുമായി വീഡിയോ ചെയ്യുന്നത്. ഷൈനിയുടെ ചികിത്സക്ക് പുറമെ, ഹൃദ്രോഗമുള്ള ഇവരുടെ രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ചികിത്സക്കും സഹായം വേണമെന്ന് വീഡിയോയിൽ അഭ്യർത്ഥിച്ചിരുന്നു. രോഗിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് വീഡിയോയിൽ നൽകിയിരുന്നത്.
എന്നാൽ, അക്കൗണ്ടിലേക്ക് പണം എത്തിയതിന് പിന്നാലെ വ്ലോഗർ പലതവണയായി ഈ തുകയിൽ നിന്ന് പങ്കുപറ്റിയെന്നാണ് ആരോപണം. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ നയന മോഹനാണ് ഗൂഗിൾ പേ ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം തട്ടിപ്പ് വിവരം പുറത്തുവിട്ടത്. 25,000 രൂപ നേരിട്ടും ബാക്കി തുക ഡിജിറ്റൽ ഇടപാടുകളിലൂടെയും കൈക്കലാക്കിയതായി ഷൈനി വ്യക്തമാക്കുന്നു.
തുടർചികിത്സയുടെ ഭാഗമായി ആർ.സി.സിയിൽ നിന്ന് ജൂൺ 12-ന് ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നെങ്കിലും തുകയുടെ അഭാവം മൂലം അതിന് സാധിച്ചില്ലെന്നും ഷൈനി വെളിപ്പെടുത്തി. സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ യൂട്യൂബറാണ് മല്ലൂ ബോയ്സ്.







