റിയാദ്: സൗദി അറേബ്യയുമായുള്ള പുതിയ ആയുധ ഇടപാടുകൾക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അംഗീകാരം നൽകി. ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിഷനുകളും (JDAM) അനുബന്ധ ഉപകരണങ്ങളും സൗദിക്ക് കൈമാറുന്നതിനുള്ള 500 കോടി ഡോളറിന്റെ കരാറാണ് ഇതിൽ പ്രധാനം. ബോയിംഗ് കമ്പനിയാണ് ഈ കരാറിന്റെ പ്രധാന കോൺട്രാക്ടർ.
ഇതിനുപുറമെ, സൗദിയുടെ അബ്രാംസ് ടാങ്കുകളിൽ ഉപയോഗിക്കുന്ന എ.ജി.ടി-1500 എഞ്ചിനുകൾ ലഭ്യമാക്കുന്നതിനുള്ള 75 കോടി ഡോളറിന്റെ മറ്റൊരു ഇടപാടിനും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയിട്ടുണ്ട്. ഹണിവെൽ കമ്പനിക്കാണ് ഈ പദ്ധതിയുടെ കരാർ ചുമതല.
സൗദി സായുധ സേനയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ആയുധ സംവിധാനങ്ങൾ അത്യാധുനിക രീതിയിൽ നവീകരിക്കുന്നതിനുമായി ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സൈനിക കരാറുകളുടെ ഭാഗമായാണ് ഈ നടപടി.
മൊത്തം കരാറുകൾ 690 കോടി ഡോളറിലേക്ക് സൗദിയുമായി 115 കോടി ഡോളറിന്റെ മറ്റൊരു സൈനിക കരാറിന് യു.എസ് പ്രതിരോധ വകുപ്പായ പെന്റഗൺ കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു. 130-ലധികം അബ്രാംസ് യുദ്ധ ടാങ്കുകൾ, 20 കവചിത വാഹനങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വിൽപ്പനയായിരുന്നു ആ കരാറിലുണ്ടായിരുന്നത്. പുതിയ 575 കോടി ഡോളറിന്റെ രണ്ടു കരാറുകൾ കൂടി ചേരുന്നതോടെ അടുത്തിടെ അംഗീകരിക്കപ്പെട്ട ആകെ ഇടപാടുകളുടെ മൂല്യം 690 കോടി ഡോളറിലെത്തി.







