സകാക്ക – ഉത്തര സൗദിയിലെ അല്‍ജൗഫ് പ്രവിശ്യയില്‍ സൗദി-ജോര്‍ദാന്‍ അതിര്‍ത്തിയിലെ അല്‍ഹദീസ അതിര്‍ത്തി പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി. അതിര്‍ത്തി പോസ്റ്റില്‍ എത്തിയ ട്രക്കില്‍ ഒളിപ്പിച്ച നിലയില്‍ 19,50,581 ലഹരി ഗുളികകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പരിപ്പ് ലോഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയതെന്ന് സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അല്‍ഹര്‍ബി അറിയിച്ചു.
സമൂഹത്തെയും ദേശീയ സമ്പദ് വ്യവസ്ഥയെയും സംരക്ഷിക്കാനായി, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 1910 എന്ന നമ്പറിലോ 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ അതോറിറ്റി ഇ-മെയില്‍ വഴയോ അറിയിച്ച് മയക്കുമരുന്ന് കടത്തും കള്ളക്കടത്തും തടയാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഹമൂദ് അല്‍ഹര്‍ബി ആഹ്വാനം ചെയ്തു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും വിവരങ്ങള്‍ ശരിയാണെങ്കില്‍ വിവരം നല്‍കുന്നയാള്‍ക്ക് പാരിതോഷികം കൈമാറുമെന്നും ഹമൂദ് അല്‍ഹര്‍ബി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







