റിയാദ്: സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാര്‍ ഭാഗത്തെ തബൂക്കിലെ നിയോം റിസര്‍വ് വനത്തില്‍ കഴുതപ്പുലിയുടെ ആദ്യപ്രസവം നടന്നതായി ദേശീയ വന്യജീവി വികസന കേന്ദ്രം അറിയിച്ചു. തള്ള കഴുതപ്പുലി പാറക്കിടയിലെ ഗുഹയില്‍ നിന്ന് കുഞ്ഞുമായി പുറത്തുവരുന്ന വീഡിയോ പങ്കുവെച്ചാണ് വന്യജീവി വികസന കേന്ദ്രം ഇക്കാര്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ നവംബറില്‍ ഇവിടെ നാലു കഴുതപ്പുലികളെ തുറന്നുവിട്ടിരുന്നു. മേഖലയിലെ ആവാസ വ്യവസ്ഥയും മറ്റും പരിശോധിച്ചുറപ്പിച്ച ശേഷമായിരുന്നു ഇവയെ തുറന്നുവിട്ടിരുന്നത്. ട്രാക്കിംഗ് കോളറുകള്‍, ഫീല്‍ഡ് കാമറകള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്തിരുന്നു. വന്യജീവികളുടെ വംശവര്‍ധനവിനും പുനരവതരിപ്പിക്കലിനുമുള്ള പരിപാടികളിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ജനനം രേഖപ്പെടുത്തുന്നതെന്ന് സെന്റര്‍ സിഇഒ ഡോ. മുഹമ്മദ് അലി ഖുര്‍ബാന്‍ അറിയിച്ചു.







