ദോഹ/തെഹ്‌റാൻ: മിഡിൽ ഈസ്റ്റ് സംഘർഷത്തിനിടെ തകർന്നുവീണ യുദ്ധവിമാനങ്ങളിലെ മൂന്ന് പൈലറ്റുമാരെ ഖത്തർ സേന കസ്റ്റഡിയിലെടുത്തെന്ന ആരോപണവും അതിനെത്തുടർന്നുള്ള നയതന്ത്ര തർക്കവും രൂക്ഷമാകുന്നു. മാർച്ചിൽ നടന്ന സൈനിക ദൗത്യത്തിനിടെ തകർന്ന സുഖോയ്-24 വിമാനങ്ങളിലെ ജവാദ് സാലിഹി, അബ്ദുൽമജീദ് ദഷ്തിയാൻ, ഒമ്രാൻ ബെഹ്റാവേഷൻ എന്നീ പൈലറ്റുമാരെ ഖത്തർ ആറ് മാസമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇവരെ ഉടൻ വിട്ടയക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
ഖത്തറിലെ അൽഉദൈദ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്താൻ പുറപ്പെട്ട വിമാനങ്ങളാണ് വെടിവെച്ചുവീഴ്ത്തിയതെന്നും, ജീവനോടെ പിടികൂടിയ പൈലറ്റുമാരെ മോചിപ്പിക്കാൻ അന്താരാഷ്ട്ര റെഡ് ക്രോസിന്റെ സഹായം തേടിയിട്ടുണ്ടെന്നും ഇറാൻ സായുധ സേനാ ജനറൽ മുഹമ്മദ് ബാഖർസാദെ അറിയിച്ചു. അപകടത്തിൽ കൊല്ലപ്പെട്ട മജീദ് കാസിമി എന്ന പൈലറ്റിന്റെ മൃതദേഹം നേരത്തെ ഖത്തർ കൈമാറിയതായും ഇറാൻ വ്യക്തമാക്കി.
എന്നാൽ ഇറാൻ പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിലില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സംഘർഷങ്ങൾ ലഘൂകരിക്കാൻ നയതന്ത്ര ശ്രമങ്ങൾ നടത്തുന്നതിനിടെ ഇറാൻ നടത്തുന്ന ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിൽ ഖത്തർ വക്താവ് ഡോ. മാജിദ് അൽഅൻസാരി ആശ്ചര്യം പ്രകടിപ്പിച്ചു. വ്യോമാതിർത്തി ലംഘിച്ച ഇറാൻ വിമാനങ്ങളുമായി ആശയവിനിമയം നടത്താൻ ശ്രമിച്ചെങ്കിലും പൈലറ്റുമാർ പ്രതികരിച്ചില്ലെന്നും, തുടർന്നാണ് അന്താരാഷ്ട്ര നിയമമനുസരിച്ച് സ്വന്തം ഭൂപ്രദേശം സംരക്ഷിക്കാൻ വിമാനങ്ങൾ വെടിവെച്ചിട്ടതെന്നും ഖത്തർ വ്യക്തമാക്കി.
സംഭവത്തിന് ശേഷം രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ ഒരു പൈലറ്റിന്റെ മൃതദേഹം അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിച്ച് ഇറാനു കൈമാറിയിരുന്നു. പൈലറ്റുമാർക്കായി നടത്തിയ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ ഏപ്രിലിൽ ഇറാൻ സംഘത്തെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും ഇറാൻ ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ലെന്നും ഖത്തർ അറിയിച്ചു.







