മഞ്ചേരി: മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് സ്‌കൂള്‍ അങ്കണം സ്വാതന്ത്രദിനത്തില്‍ സാക്ഷിയായത് കാരുണ്യത്തിന്റെ കൈസ്പര്‍ശം. അത്യപൂര്‍വമായ സഹജീവി സ്‌നേഹത്തിന്റെ കരുതലിനാണ് മഞ്ചേരി ശനിയാഴ്ച്ച സാക്ഷ്യം വഹിച്ചത്. മഞ്ചേരിക്കടുത്ത് ആമയൂര്‍ സ്വദേശിനിയായ റാഫിയ ഷെറിന്റെ ജീവന്‍ നിലനിര്‍ത്താനാണ് സഹപാഠികളടക്കമുള്ളവര്‍ ഇന്നലെ വീണ്ടും മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്. എസില്‍ ഒരുമിച്ച് കൂടിയത്. റാഫിയയെ പിടികൂടിയ സിവിയര്‍ അപ്ലാസ്റ്റിക് അനീമിയ എന്ന അത്യപൂര്‍വ രോഗാവസ്ഥ ചികിത്സിക്കാന്‍ അനുയോജ്യമായ മൂലകോശം (സ്‌റ്റെം സെല്‍) കണ്ടെത്തുന്നതിനായി മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്. എസില്‍ നടത്തിയ ദാതാക്കള്‍ക്കായുള്ള രജി സ്‌ട്രേഷന്‍ ക്യാമ്പില്‍ പങ്കെടുത്തത് അയ്യായിരത്തോളം പേര്‍. ഇവരില്‍ ആരോഗ്യപൂര്‍ണമായ 1700 പേരില്‍ നിന്ന് രജിസ്‌ട്രേഷന്‍ ക്യാമ്പില്‍വെച്ച് സ്രവം എടുത്തു. പരിശോധന നടത്തിയശേഷം മൂലകോശം നല്‍കാന്‍ തയ്യാറുള്ളവരുടെ വായയില്‍നിന്ന് പഞ്ഞികൊണ്ട് സ്രവം എടുക്കുകയാണ് ചെയ്തത്.
1700 പേരില്‍ നിന്നായി എടുത്ത സ്രവം ബ്ലാഗ്ലൂരിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. ഇവിടെ നിന്ന് തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം അനുയോജ്യമായ മൂലകോശം കണ്ടെത്താനായുള്ള പരിശോധനക്കായി ജര്‍മനിയിലേക്ക് കൊണ്ടു പോകും.ഈ സ്രവപരി ശോധനയില്‍നിന്ന് ചേരുന്ന ദാതാവിനെ ക്കണ്ടെത്തിയാല്‍ മൂലകോശം എടുത്ത് രോഗിയില്‍ പുനഃസ്ഥാപിക്കാനാവും. സ്വന്തം പ്രതിരോധവ്യവസ്ഥ തന്നെ അസ്ഥിമജ്ജയിലെ മൂലകോശങ്ങളെ തകരാറിലാക്കുന്ന രോഗാവസ്ഥയാണ് റാഫിയയുടേത്. ഉചിതമായ മൂലകോശം മാറ്റിവെക്കുകയാണ് രക്ഷാമാര്‍ഗം.രക്ത ഗ്രൂപ്പ് ചേരുന്ന പോലെ രക്തത്തിലെ ഹ്യൂ മന്‍ ല്യൂക്കോസൈറ്റ് ആന്റിജന്‍ (എച്ച്. എല്‍.എ.) യോജിക്കുന്ന ദാതാവിനെ കിട്ടണം. 10ലക്ഷം പേരില്‍ ഒരാളുടേത് എന്ന തോതിലൊക്കെയാണ് അനുയോജ്യമായ എച്ച്.എല്‍.എ കണ്ടെത്താന്‍ കഴിയാറുള്ളത്.
പഴയ കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന ബഹുജനക്കൂട്ടായ്മയാണ് മഞ്ചേരി യില്‍ മൂലകോശ ദാതാവിനെത്തേടി ക്യാമ്പ് ഒരുക്കിയത്. റാഫിയ അഞ്ചുമുതല്‍ പത്തുവരെ പഠിച്ചുവളര്‍ന്ന സ്‌കൂളാണിത്. മൂലകോശ ദാതാക്കളുടെ, ലോകത്തിലെ പ്രമുഖ നെറ്റ്‌വര്‍ക്ക് ആയ ഡി.കെ.എം.എസ്സിന്റെ ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മഞ്ചേരിക്കടുത്ത് ആമയൂര്‍ സ്വദേശി യായ റാഫിയയും ഭര്‍ത്താവ് ഫവാസ് അഹമ്മദും ലണ്ടനിലെ മാഞ്ചസ്റ്ററിലാണുള്ളത്. ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടിയ റാഫിയ 2019 ലാണ് ലണ്ടനിലേക്ക് തിരിച്ചത്. ലങ്കാഷെയറില്‍നിന്ന് ഇന്റര്‍കള്‍ച്ചറല്‍ ബിസിനസ് കമ്മ്യൂണി ക്കേഷനില്‍ പി.ജി. നേടി അവിടെ ത്തന്നെ ജോലിനോക്കിവരികയായിരുന്നു. ജീവരക്ഷയ്ക്കാവശ്യമായ മൂലകോശം ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കണ്ണും നട്ടു കാത്തി രിക്കുകയാണ് റാഫിയ ഷെറിന്‍.







