ന്യൂദൽഹി- ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന രീതിയിൽ “സമാധാനപരമായ വിപ്ലവം” ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക്. 2047-ഓടെ രാജ്യം “മാന്യമായ ഒരു രാഷ്ട്രമായി” തുടരണമെങ്കിൽ സമൂലമായ മാറ്റം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്” ആഹ്വാനം ചെയ്ത വാങ്ചുക്ക്, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താൻ സഹായിക്കുന്ന “നിസ്വാർത്ഥരും നിർഭയരുമായ, വ്യക്തിത്വമുള്ള” വ്യക്തികളെ നിർദ്ദേശിക്കാൻ പൗരന്മാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.
കഴിഞ്ഞ കുറേ ദിവസങ്ങളായി തനിക്ക് സുഖമില്ലായിരുന്നുവെന്നും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ആ സമയം ഉപയോഗിച്ചുവെന്നും വാങ്ചുക്ക് പറഞ്ഞു. തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളുടെ പുരോഗതിയുമായി അദ്ദേഹം ഇന്ത്യയുടെ പുരോഗതി താരതമ്യം ചെയ്തു.
“അമ്പതു വർഷം മുമ്പ് നമ്മേക്കാൾ പിന്നിലായിരുന്ന അല്ലെങ്കിൽ നമ്മോടൊപ്പമുണ്ടായിരുന്ന അയൽരാജ്യങ്ങൾ ഇപ്പോൾ നമ്മിൽ നിന്ന് ഏറെ മുന്നിലെത്തിക്കഴിഞ്ഞു” -അദ്ദേഹം പറഞ്ഞു.
“പ്രതിശീർഷ ജി.ഡി.പിയുടെ കാര്യമെടുത്താൽ, നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ 2047-ൽ നമ്മൾ ഒരു വികസിത രാജ്യം ആകില്ലെന്ന് മാത്രമല്ല, ലോകത്തിന് മുന്നിൽ തലയുയർത്തിനിൽക്കാൻ പോലും നമുക്ക് കഴിയില്ല”- അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ടു മാസമായി മാറ്റം ആഗ്രഹിച്ച് സമരം ചെയ്തവരെ വാങ്ചുക്ക് അഭിനന്ദിച്ചു. ഈ പ്രക്ഷോഭം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ മാറ്റം വരുത്താൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുനിന്നും വലിയ അത്ഭുതങ്ങളൊന്നും താൻ കാണുന്നില്ല. രാജ്യത്തിന്റെ ഭാവിയെ വിദ്യാഭ്യാസ സംവിധാനവുമായി ബന്ധിപ്പിച്ച അദ്ദേഹം, വിദ്യാഭ്യാസത്തിലെ പോരായ്മകൾ ഇന്ത്യയുടെ പുരോഗതിയെ ബാധിക്കുമെന്നും ഓർമ്മിപ്പിച്ചു.
ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ മാത്രം ലക്ഷ്യവെച്ചല്ല വിമർശനം. വിവിധ പാർട്ടികളുടെ സർക്കാരുകൾ സമാനമായ രീതിയിൽ അനീതികൾ കാണിക്കുകയും വിയോജിപ്പുകളെ അടിച്ചമർത്തുകയും ചെയ്തിട്ടുണ്ട്. ദൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള വിവിധ പാർട്ടി സർക്കാരുകൾ സമാനമായ രീതിയിലാണ് വിയോജിപ്പുകളെ അടിച്ചമർത്തിയത്. അതിനാൽ ഇത് പാർട്ടികളുടെ മാത്രം പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2012-13 ലെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തെയും തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റത്തെയും കുറിച്ച് പരാമർശിച്ച വാങ്ചുക്ക്, അധികാര മാറ്റത്തിനുശേഷവും അഴിമതിയും അനീതിയും അവസാനിച്ചില്ലെന്നും പറഞ്ഞു. 12 വർഷത്തിനു ശേഷം അഴിമതിയും അനീതിയും പുതിയ രൂപം പ്രാപിച്ചിരിക്കുകയാണെന്നും അത് കൂടുതൽ വലുതായി നമ്മെ ഭയപ്പെടുത്തുകയാണ്. രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ വലിയ മാറ്റമുണ്ടാകണമെന്ന് വാങ്ചുക്ക് ആവശ്യപ്പെട്ടു. രാജ്യത്തിന് വലിയൊരു മാറ്റം ആവശ്യമാണ്, നമുക്കൊരു വിപ്ലവം വേണം. ശരിയായ നേതാക്കളുമായി മുന്നോട്ട് പോകാൻ രാജ്യത്ത് ഒരു സമാധാനപരമായ വിപ്ലവം ഉണ്ടാകേണ്ടതുണ്ട്. കാരണം നമ്മുടെ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിലാണ് ഏറ്റവും വലിയ പോരായ്മയുള്ളത്. നേതാക്കൾ ശരിയാകുന്നതുവരെ മുഴുവൻ രാജ്യവും തെറ്റായ വഴിയിലായിരിക്കും- അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകളിൽ ആശങ്ക പ്രകടിപ്പിച്ച വാങ്ചുക്ക്, പല നേതാക്കളും സത്യത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അവർ അർഹമായ ബഹുമാനം അർഹിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാൽ നമ്മുടെ പാർലമെന്റംഗങ്ങളിൽ പകുതിയോളം പേർ കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരാണെന്ന കാര്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, മൂന്നിലൊന്ന് പേരും കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ആരോപണം നേരിടുന്നവരാണെന്നും ഇങ്ങനെയൊരു സാഹചര്യത്തിൽ രാജ്യത്തിന് എങ്ങനെയാണ് വികസിപ്പിക്കാൻ കഴിയുകയെന്നും ചോദിച്ചു.
രാജ്യത്തിന് ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഒരുമിച്ചു കൂട്ടാൻ താൻ ആഗ്രഹിക്കുന്നു. വെറും ബുദ്ധിജീവികളെ മാത്രമല്ല, നിസ്വാർത്ഥരും നിർഭയരുമായ വ്യക്തികളെയാണ് താൻ തേടുന്നതെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു. ലഡാക്കിൽ കഴിയുന്ന തനിക്ക് അത്തരത്തിലുള്ള ആളുകൾ ആരൊക്കെയാണെന്നും എവിടെയാണെന്നും അറിയില്ലെന്നും, രാജ്യത്തുനിന്നും അതത് പ്രദേശത്തുനിന്നും അങ്ങനെയുള്ള കുറഞ്ഞത് ഒരു പേരെയെങ്കിലും നിർദ്ദേശിച്ചുകൊണ്ട് പൗരന്മാർക്ക് സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ളവരുടെ പേരുകൾ സ്വാതന്ത്ര്യദിന സമ്മാനമായി നൽകാൻ വീഡിയോയിലൂടെ വാങ്ചുക്ക് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ പുതിയ ഭൂപടം രൂപപ്പെടുത്താൻ സഹായിക്കുന്നവരെ കാണാൻ ആഗ്രഹിക്കുന്നു. ഇന്ത്യക്ക് ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് ആളുകളുടെ നിർദ്ദേശങ്ങൾ തേടാൻ വിവിധ സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും യാത്ര ചെയ്യാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം” ആരംഭിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് തന്റെ എക്സ് പോസ്റ്റ് അവസാനിപ്പിച്ച വാങ്ചുക്ക്, ഈ സന്ദേശം പ്രചരിപ്പിക്കാനും പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനും ജനങ്ങളോട് അഭ്യർത്ഥിച്ചു.







