കണ്ണൂർ: സി.പി.എമ്മിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച ഹലാൽ ഫായിദ ഇസ്ലാമിിക് ബാങ്ക് പൊളിഞ്ഞു. 2017-ൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്ണൂരിൽ ഇസ്ലാമിക് ബാങ്ക് ആരംഭിച്ചത്. ചീഫ് പ്രൊമോട്ടറായി അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായിരുന്ന എം. ഷാജറിനെയാണ് നിയോഗിച്ചത്. ബീഫ് കയറ്റുമതി ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും, നിക്ഷേപം സ്വീകരിച്ച് ഓഫീസുകൾ തുറന്ന് അധികം വൈകാതെ തന്നെ സംരംഭം പൂട്ടുകയും ചെയ്തു.
ഒമ്പത് വർഷമായിട്ടും നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് നിക്ഷേപകർ പെരുവഴിയിലായി. ചീഫ് പ്രൊമോട്ടറായിരുന്ന യുവജനക്ഷേമ ബോർഡ് ചെയർമാൻ എം. ഷാജർ ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് നിക്ഷേപകർ പരാതി പറയുന്നത്. സ്ഥാപനത്തിന്റെ വരവ്-ചെലവ് കണക്കുകളോ ഭരണസമിതി ആരെല്ലാമാണെന്നോ നിലവിൽ യാതൊരു വ്യക്തതയുമില്ല. സി.പി.എം നേതാക്കളെ ബന്ധപ്പെട്ടിട്ടും ഫലമില്ലാതായതോടെ, ടി.കെ. ഗോവിന്ദൻ എം.എൽ.എ മുഖേന നിക്ഷേപകർ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. എന്നാൽ സംഭവത്തിൽ പ്രതികരിക്കാനില്ലെന്നാണ് എം. ഷാജർ അറിയിച്ചത്.
അതിനിടെ, ‘ഹലാൽ ഫായിദ’ ഇസ്ലാമിക് ബാങ്കിംഗ് സഹകരണ സംഘം തകർന്ന സംഭവത്തിൽ രൂക്ഷവിമർശനവുമായി ടി.കെ. ഗോവിന്ദൻ എം.എൽ.എ രംഗത്തെത്തി. സൊസൈറ്റിയുടെ പ്രസിഡന്റും പ്രൊമോട്ടറുമായ സി.പി.എം നേതാവ് എം. ഷാജിറിന് സാമ്പത്തിക കൃത്രിമത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും, നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സൊസൈറ്റിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ഈ തട്ടിപ്പിന് കൂട്ടുനിൽക്കുകയാണെന്നും, നിക്ഷേപത്തുക തിരിച്ചുനൽകാൻ അടിയന്തര നടപടി വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. വിഷയം പാർട്ടി കമ്മിറ്റികളിൽ ചർച്ചയായതാണെങ്കിലും, നിക്ഷേപം തിരിച്ചുകൊടുക്കണമെന്ന് ജില്ലാ കമ്മിറ്റിയിൽ നിർദ്ദേശം ഉയർന്നിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.







