വാഷിംഗ്ടണ്‍ – ഇറാന്‍ ഭീഷണിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ മാസം തുര്‍ക്കിയില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം യു.എസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ മറ്റൊരു വിമാനത്തിലേക്ക് രഹസ്യമായി മാറ്റിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. സീക്രട്ട് സര്‍വീസ് ഏജന്‍സിയും സൈന്യവുമാണ് ഈ തീരുമാനമെടുത്തതെന്ന് ട്രംപ് പറഞ്ഞു. ട്രംപിനെ അങ്കാറ വിമാനത്താവളത്തില്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ നിന്ന് ചെറിയ സൈനിക വിമാനത്തിലേക്ക് രഹസ്യമായി മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് യു.എസ് പ്രസിഡന്റ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഓപ്പറേഷന്‍ മറച്ചുവെക്കാന്‍ ട്രംപിനെ എയര്‍പോര്‍ട്ട് കാറ്ററിംഗ് ട്രക്കിലേക്ക് മാറ്റിയാണ് സൈനിക വിമാനത്തില്‍ എത്തിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപ് സാധാരണ രീതിയില്‍ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറുന്ന പോലെ കാണിച്ചു. എന്നാല്‍ വിമാനം കബളിപ്പിക്കലിന് ഉപയോഗിക്കുകയും ട്രംപിനെ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയുമായിരുന്നു.
പ്രസിഡന്‍ഷ്യല്‍ വിമാനത്തിനെതിരെ മിസൈല്‍ ആക്രമണം ഉള്‍പ്പെടെയുള്ള വിശ്വസനീയമായ ഇറാന്‍ ഭീഷണി ഇന്റലിജന്‍സ് തിരിച്ചറിഞ്ഞതായി യു.എസ് ഉദ്യോഗസ്ഥര്‍ നേരത്തെ സി.ബി.എസ് ന്യൂസിനോട് പറഞ്ഞു. ഭീഷണിയെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ട്രംപ് പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന നാറ്റോ ഉച്ചകോടിക്കിടെ, അങ്കാറയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങിയ താമസസ്ഥലം ഇറാന് അറിയാമായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഇറാനില്‍ നിന്നുള്ള ഭീഷണി സാധ്യത കാരണം ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തുര്‍ക്കിയില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടത്താന്‍ അസാധാരണമായ കബളിപ്പിക്കല്‍ പദ്ധതി നടപ്പാക്കുകയായിരുന്നു.
ട്രംപ് സഞ്ചരിക്കുന്ന എയര്‍ഫോഴ്സ് വണ്‍ വിമാനം ഭൗമ-വ്യോമ മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക ഭീഷണി സ്ഥിരീകരിക്കുന്ന നിരവധി വിവരങ്ങള്‍ യു.എസ് ഇന്റലിജന്‍സ് ശേഖരിച്ചതായും ഉച്ചകോടിക്ക് സമീപം തോളില്‍ നിന്ന് തൊടുക്കുന്ന മിസൈല്‍ വഹിക്കുന്ന ഒരാളെ കണ്ടതായും ഈ വിഷയവുമായി പരിചയമുള്ള രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു. ട്രംപ് അങ്കാറയില്‍ താമസിക്കുന്ന കെട്ടിടത്തിലെ നില ഉള്‍പ്പെടെ ഇറാനികള്‍ക്ക് അദ്ദേഹത്തിന്റെ സ്ഥാനം പൂര്‍ണ്ണമായി അറിയാമായിരുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ട്രംപിനെയും ഏതാനും മുതിര്‍ന്ന ഭരണകൂട ഉദ്യോഗസ്ഥരെയും അഭൂതപൂര്‍വമായ കബളിപ്പിക്കല്‍ പദ്ധതിയിലൂടെ രക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഭീഷണി വിശ്വസനീയമാണെന്ന് യു.എസ് അധികൃതര്‍ കരുതി. ഖത്തര്‍ സമ്മാനിച്ച പുതിയ ബോയിംഗ് 747-8 വിമാനത്തിലാണ് ട്രംപ് അങ്കാറയില്‍ എത്തിയത്. ഈ വിമാനത്തിന് പകരം, പഴയ പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ കയറുന്നതു പോലെ പ്രസിഡന്റ് ക്യാമറയില്‍ പ്രത്യക്ഷപ്പെട്ടു. നൊസ്റ്റാള്‍ജിയ ഉണ്ടാക്കാനാണ് ഈ മാറ്റമെന്ന് ട്രംപ് അന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് കാറ്ററിംഗ് ട്രക്കില്‍ രഹസ്യമായി കൊണ്ടുപോവുകയും പിന്നീട് സൈനിക വിമാനത്തില്‍ കയറി ട്രംപ് തുര്‍ക്കി വിടുകയായിരുന്നു.
ട്രംപിന്റെ സഹായികളെയും പ്രസിഡന്റ് സഞ്ചരിക്കേണ്ടിയിരുന്ന വിമാനത്തില്‍ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്ന മാധ്യമപ്രവര്‍ത്തകരെയും ഈ ഓപ്പറേഷന്‍ അപകടത്തിലാക്കിയോ എന്ന് ചില മാധ്യമ വിശകലന വിദഗ്ധര്‍ ആരാഞ്ഞു. ഞാന്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെടാന്‍ കൂടുതല്‍ സാധ്യതയുണ്ടായിരുന്നെന്ന് ഞാന്‍ കരുതുന്നു. കാരണം അവര്‍ ആക്രമിക്കുമായിരുന്ന വിമാനമായിരുന്നു അത് – ഇതിനോട് പ്രതികരിച്ച് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ട്രംപിനു നേരെ നേരത്തെയും ഏതാനും ഭീഷണികളുണ്ടായിട്ടുണ്ട്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, അദ്ദേഹത്തിന് വെടിയേറ്റു. അതേ വര്‍ഷം തന്നെ ഫ്‌ലോറിഡയിലെ ഗോള്‍ഫ് കോഴ്സില്‍ വെച്ച് ആയുധധാരി ട്രംപിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഈ രണ്ട് ശ്രമങ്ങളും ഇറാന്‍ ഭീഷണികളുമായി ബന്ധപ്പെട്ടവയായിരുന്നില്ല. പണത്തിനുവേണ്ടി ട്രംപിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഒരാള്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മുന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടമാണ് ഈ കേസ് കണ്ടെത്തിയത്. പ്രോക്‌സി ഫോഴ്സിന്റെ സഹായം തേടി ഇറാന്‍ ഏജന്‍സികളാണ് ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയതെന്ന് അക്കാലത്ത് അധികൃതര്‍ പ്രസ്താവിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







