ന്യൂഡല്‍ഹി: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് മേല്‍ പുതിയതും കര്‍ശനവുമായ നിബന്ധനകളുമായി ഇറാന്‍ രംഗത്ത്. യുദ്ധക്കെടുതിക്കുള്ള നഷ്ടപരിഹാരം, മരവിപ്പിച്ച ആസ്തികള്‍ ഉപാധികളില്ലാതെ മോചിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
ഇറാനിലെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയും റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറുമായ മൊഹമ്മദ് ബഘേര്‍ സോല്‍ഘദ്ര് ആണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. അമേരിക്ക തങ്ങളുടെ നിലപാട് തിരുത്തുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
അമേരിക്ക മേലില്‍ ഇറാനെ ഭീഷണിപ്പെടുത്തരുമെന്നും, രാജ്യത്തിനും സഖ്യകക്ഷികള്‍ക്കുമെതിരായ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. ഇറാനിയന്‍ തുറമുഖങ്ങളുടെ നാവിക ഉപരോധം പിന്‍വലിക്കുക, മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുക, യുദ്ധക്കെടുതികള്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം നല്‍കുക, ഉപരോധങ്ങള്‍ നീക്കുക, മരവിപ്പിച്ച ആസ്തികള്‍ ഉപാധികളില്ലാതെ മോചിപ്പിക്കുക തുടങ്ങിയ ഉപാധികളും മുന്നോട്ടുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍ ഒപ്പുവെച്ച ഇടക്കാല ധാരണപ്രകാരം, അന്തിമ കരാറിന്റെ ഭാഗമായിട്ടായിരുന്നു ഉപരോധം അവസാനിപ്പിക്കലും നഷ്ടപരിഹാരവും ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഈ മുന്‍വ്യവസ്ഥകളെല്ലാം മാറ്റിക്കൊണ്ട്, കടലിടുക്ക് തുറക്കുന്നതിനുള്ള പ്രാരംഭ ഉപാധിയായി ഇവ ഉടന്‍ നടപ്പാക്കണമെന്നാണ് ഇറാന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ജൂണ്‍ മാസത്തെ കരാറിലെ അഞ്ച് അനുച്ഛേദം അമേരിക്ക ലംഘിച്ചുവെന്നും ഇതിനുള്ള നഷ്ടപരിഹാരം യുഎസ് നല്‍കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.







