കോഴിക്കോട്: പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയായ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ 2026 വര്‍ഷത്തെ രണ്ടാംഘട്ട ആനുകൂല്യ വിതരണവും വിവിധ സി.എച്ച്. സെന്ററുകള്‍ക്കുള്ള ധനസഹായ കൈമാറ്റവും ആഗസ്റ്റ് 7 വെള്ളിയാഴ്ച കോഴിക്കോട്ട് നടക്കും. ചടങ്ങില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും ഹാഷിം എന്‍ജിനീയര്‍ സ്മാരക അവാര്‍ഡ് ദാനവും നടക്കും. കോഴിക്കോട് ലീഗ് ഹൗസില്‍ വെച്ച് നടക്കുന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗിന്റെയും വിവിധ പോഷക ഘടകങ്ങളുടെയും സമുന്നതരായ ദേശീയ-സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും .
ഉച്ചയ്ക്ക് 2:30ന് ആദ്യ സെഷനില്‍ സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് സി പി സൈതലവി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തും. തുടര്‍ന്ന് വിവിധ സി എച്ച് സെന്ററുകള്‍ക്കുള്ള സഊദിയിലെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ ധനസഹായം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്യും.
തുടര്‍ന്ന് ഉച്ചക്ക് മൂന്നര മണിക്ക് സാമൂഹ്യ സുരക്ഷ പദ്ധതി ആനൂകൂല്യ വിതരണവും, ഏഴാമത് ഹാഷിം എന്‍ജിനീയര്‍ കര്‍മ്മ പുരസ്‌കാര ദാനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പതിമൂന്ന് വര്‍ഷമായി മാതൃകാപരമായി നടന്നുവരുന്ന കെഎംസിസി കേരള ട്രസ്റ്റിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഇക്കൊല്ലത്തെ രണ്ടാം ഘട്ട ആനുകൂല്യ വിതരണത്തില്‍ 64 പേരുടെ നിരാലംബരായ കുടുംബങ്ങള്‍ക്കാണ് നല്‍കുന്നത്. ഇക്കൊല്ലത്തെ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ വിവിധ കാരണങ്ങളാല്‍ മരണപെട്ടവരാണ് 64 പേരും. അപ്രതീക്ഷിതമായി വിടവാങ്ങുന്ന കുടുംബനാഥന്റെ വേര്‍പാടില്‍ ജീവിതം അനിശ്ചിതത്വത്തിലാകുന്ന കുടുംബങ്ങള്‍ക്ക് വലിയൊരു തണലാവുകയാണ് കെഎംസിസി. മൂന്നര കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് ഈ രണ്ടാം ഘട്ടത്തില്‍ ആശ്രിതര്‍ക്ക് നല്‍കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ വേള്‍ഡ് കെഎംസിസി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി, സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ചെയര്‍മാന്‍ ഖാദര്‍ ചെങ്കള, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ബഷീര്‍ മൂന്നിയൂര്‍, സൈദ് മൂന്നിയൂര്‍, സുരക്ഷ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ എന്നിവര്‍ പങ്കെടുത്തു .






