ബഗ്ദാദ്- ഇറാഖ് ഭൂപ്രദേശത്ത് നിന്ന് സൗദി അറേബ്യക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഇറാഖ് പ്രധാനമന്ത്രിയും സായുധ സേനാ കമാൻഡർ ഇൻ ചീഫുമായ അലി അൽ സൈദി സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം നൽകി.
അയൽരാജ്യങ്ങളുമായുള്ള നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് സായുധ സേനാ വക്താവ് സ്വബാഹ് അൽ നുഅ്മാൻ വ്യക്തമാക്കി. സൗഹൃദ രാജ്യങ്ങളെ ആക്രമിക്കാൻ ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും, അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയുമായുള്ള സാഹോദര്യ ബന്ധത്തിന് കോട്ടം തട്ടുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നും ഇറാഖ് പ്രസ്താവനയിൽ അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖ് അതിർത്തിയിൽ നിന്ന് പറന്നെത്തിയ ഡ്രോണുകൾ തടഞ്ഞു നശിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇറാൻ പിന്തുണയുള്ള തീവ്രവാദ മിലിഷ്യകളാണ് ആക്രമണത്തിന് പിന്നിലെന്നും, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഉചിതമായ സമയത്ത് തിരിച്ചടിക്കാൻ അവകാശമുണ്ടെന്നും സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു.
സംഭവത്തെ ശക്തമായി അപലപിച്ച സൗദി വിദേശകാര്യ മന്ത്രാലയം, ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങൾക്ക് ഇറാഖ് മണ്ണ് വിട്ടുനൽകുന്നത് തടയാൻ ബഗ്ദാദ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.





