വാഷിംഗ്ടൺ: ഹമാസിന് സാമ്പത്തിക സഹായവും പിന്തുണയും നൽകിയ പ്രമുഖ മുസ്ലിം ബ്രദർഹുഡ് നേതാവിനും സ്ഥാപനങ്ങൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഒരു പ്രമുഖ നേതാവ്, ഇവർക്ക് കീഴിലുള്ള കമ്പനി, രണ്ട് സന്നദ്ധ സംഘടനകൾ, മറ്റ് മൂന്ന് വ്യക്തികൾ എന്നിവരെ ഭീകരരായും ഭീകര സംഘടനകളായും പ്രഖ്യാപിച്ചാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ട്രഷറി വകുപ്പും നടപടി സ്വീകരിച്ചത്.
യു.കെ നിവാസിയും ഈജിപ്ഷ്യൻ മുസ്ലിം ബ്രദർഹുഡിന്റെ മുതിർന്ന നേതാവുമായ മഹ്‌മൂദ് അൽഅബ്‌യാരിയാണ് ഉപരോധത്തിലായ പ്രമുഖ വ്യക്തി. ഹമാസുമായി ബന്ധമുള്ള സംഘടനകൾക്കായി ധനസമാഹരണം നടത്താനും പ്രസ്ഥാനത്തിന് സാമ്പത്തിക സഹായം എത്തിക്കാനും ബ്രദർഹുഡ് ഗ്രൂപ്പുകളുമായി ഇയാൾ ഏകോപനം നടത്തിയതായി ട്രഷറി വകുപ്പ് ചൂണ്ടിക്കാട്ടി.
വ്യാജ ചാരിറ്റികളും കള്ളപ്പണ ശൃംഖലയും
സിവിലിയന്മാരെ സഹായിക്കാനെന്ന പേരിൽ സംഭാവനകൾ ശേഖരിച്ച് ഹമാസിന്റെ സൈനിക വിഭാഗത്തിലേക്ക് വഴിതിരിച്ചുവിട്ട രണ്ട് വ്യാജ ചാരിറ്റി പ്രസ്ഥാനങ്ങൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്:
- തുജാ ബുലാ ഗ്ലോബൽ (ഇന്തോനേഷ്യ)
- മദാദ് ഫലസ്തീൻ ചാരിറ്റബിൾ സൊസൈറ്റി (ഗാസ)
ഇതിനുപുറമെ, ഹമാസിന് ലക്ഷക്കണക്കിന് ഡോളറിന്റെ അനൗദ്യോഗിക ബാങ്കിംഗ്, ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തി നൽകിയ തുർക്കി ആസ്ഥാനമായ അൽഖാഹിറ ഫോർ ജനറൽ ട്രേഡിംഗ് എന്ന കമ്പനിക്കെതിരെയും നടപടിയെടുത്തു. കമ്പനി ഉടമ ഖൽദൂൻ ഖമീസ് സകരിയ്യ, ഓഹരി ഉടമകളായ സെയ്ദ് ഉസാം അഹ്‌മദ് അൽജബൂരി, അബ്ദുള്ള ഉസാം അഹ്‌മദ് അൽജബൂരി എന്നിവർക്കെതിരെയും ഉപരോധം നിലവിൽ വന്നു.
ആസ്തികൾ മരവിപ്പിച്ചു; നടപടി ശക്തമാക്കുമെന്ന് യു.എസ്
ചാരിറ്റികൾ, കമ്പനികൾ, രഹസ്യ സാമ്പത്തിക ശൃംഖലകൾ എന്നിവയിലൂടെ ഹമാസിന് ലഭിക്കുന്ന വിദേശ സഹായങ്ങൾ തടയാനുള്ള നടപടികൾ ശക്തമായി തുടരുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബിസെന്റ് വ്യക്തമാക്കി.
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI), ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ (DEA), യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ എന്നിവയുടെ ഏകോപനത്തോടെ 2026 ജനുവരി, മാർച്ച് മാസങ്ങളിൽ പ്രഖ്യാപിച്ച മുൻ ഉപരോധങ്ങളുടെ തുടർച്ചയാണിത്. ഉപരോധം നിലവിൽ വന്നതോടെ ഇതോടൊപ്പം പട്ടികപ്പെടുത്തിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കയിലോ യു.എസ് പൗരന്മാരുടെ നിയന്ത്രണത്തിലോ ഉള്ള എല്ലാ ആസ്തികളും മരവിപ്പിക്കും. ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും പൂർണ്ണ നിരോധനമുണ്ട്.
സൂത്രധാരനായി അൽഅബ്‌യാരി
മുസ്ലിം ബ്രദർഹുഡിന്റെ മൂന്നാമത്തെ മുതിർന്ന നേതാവായ അൽഅബ്‌യാരി, ഗ്രൂപ്പിന്റെ സാമ്പത്തിക-പണ ശൃംഖലകൾ, മാധ്യമ പ്രവർത്തനങ്ങൾ, യൂറോപ്പിലും ആഫ്രിക്കയിലുമുള്ള രഹസ്യ സെല്ലുകൾ എന്നിവയുടെ ചുമതലക്കാരനാണ്. 1952 ജൂൺ 5-ന് ജനിച്ച ഇയാൾ സംഘടനക്കുള്ളിലെ ഏറ്റവും സ്വാധീനമുള്ള നിഗൂഢ വ്യക്തികളിലൊരാളായി അറിയപ്പെടുന്നു. ഈജിപ്തിൽ നിന്ന് യൂറോപ്പിലേക്കും ലാറ്റിൻ അമേരിക്കയിലേക്കും കടന്ന ബ്രദർഹുഡ് അംഗങ്ങളുടെ ക്ഷേമവും ഭരണപരമായ ചുമതലകളും അൽഅബ്‌യാരിയാണ് നിർവ്വഹിക്കുന്നത്.




