കുവൈത്ത് സിറ്റി – കുവൈത്തില്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഏതാനും കരസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി കുവൈത്ത് സൈന്യം. കുവൈത്ത് ആര്‍മി കേന്ദ്രങ്ങളിലും ക്യാമ്പുകളിലും നടന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സൈനികരെ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അല്‍സാലിം അല്‍സബാഹ് സന്ദര്‍ശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യ നിലയെ കുറിച്ച് പ്രതിരോധ മന്ത്രി മെഡിക്കല്‍ സംഘത്തോട് വിവരങ്ങള്‍ തിരക്കുകയും ഇവര്‍ക്ക് ലഭിക്കുന്ന മെഡിക്കല്‍ പരിചരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
പരിക്കേറ്റ സൈനികരെ ജനറല്‍ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഖാലിദ് ദരജ് സഅദ് അല്‍ശുറൈആനും സന്ദര്‍ശിച്ചതായി കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫ് എക്‌സ് അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റ സൈനികരുടെ എണ്ണം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ആശുപത്രി കിടക്കകളില്‍ നാല് പേരെ കാണിക്കുന്ന സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ ആര്‍മി ജനറല്‍ സ്റ്റാഫ് പ്രസിദ്ധീകരിച്ചു. പരിക്കേറ്റവരുടെ ആരോഗ്യ നിലയെ കുറിച്ച് ലെഫ്റ്റനന്റ് ജനറല്‍ ഖാലിദ് ദരജ് സഅദ് അല്‍ശുറൈആന്‍ മെഡിക്കല്‍ സംഘത്തോട് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു.
ഇറാന്‍ ആക്രമണങ്ങളെ തുടര്‍ന്ന് തെക്കന്‍ കുവൈത്തിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ഉണ്ടായ രണ്ട് തീപിടുത്തങ്ങള്‍ അഗ്‌നിശമന സേന പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയതായി കുവൈത്ത് ഫയര്‍ ഫോഴ്സ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ഗുറൈബ് അറിയിച്ചു. അഗ്നിബാധാ റിപ്പോര്‍ട്ടുകളോട് സാങ്കേതിക, രക്ഷാ സംഘങ്ങള്‍ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സന്നദ്ധതയോടെ പ്രതികരിച്ചതായും തീ നിയന്ത്രണവിധേയമാക്കുകയും സമീപത്തെ സുപ്രധാന സ്ഥാപനങ്ങളിലേക്ക് അവ പടരുന്നത് തടയുകയും ചെയ്തു. വൈദേശിക ആക്രമണത്തിന്റെ ഫലമായി ആര്‍ക്കും പരിക്കുകളോ ജീവഹാനിയോ ഉണ്ടായിട്ടില്ല. രണ്ട് സ്ഥലങ്ങളിലും ഭൗതിക നാശനഷ്ടങ്ങളില്‍ മാത്രമായി പ്രത്യാഘാതങ്ങളും നഷ്ടങ്ങളും പരിമിതപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകള്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും സുരക്ഷാ, ഫീല്‍ഡ് സ്ഥിതിഗതികള്‍ പൂര്‍ണ്ണമായി വിലയിരുത്താനും തുടങ്ങിയതായും കുവൈത്ത് ഫയര്‍ ഫോഴ്സ് വക്താവ് സ്ഥിരീകരിച്ചു.
വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തടഞ്ഞതായി കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി. ഇന്നലെ കുവൈത്തില്‍ വൈദ്യുതി, സമുദ്രജല ശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാന്‍ ആക്രമണം നടത്തുകയും ഏതാനും വൈദ്യുതി ഉല്‍പാദന യൂണിറ്റുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ എമര്‍ജന്‍സി പദ്ധതി പ്രഖ്യാപിച്ചു.



