മസ്‌കത്ത് – ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ മരണം രണ്ടായി ഉയര്‍ന്നതായി ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ഒമാന്‍ സമുദ്രാതിര്‍ത്തിയില്‍ യു.എ.ഇയുടെ രണ്ടു എണ്ണ ടാങ്കറുകള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. ഹോര്‍മുസ് കടലിടുക്കില്‍ യു.എ.ഇ എണ്ണ ടാങ്കറിനു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതില്‍ ഇറാന്‍ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തിയ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.ഹോര്‍മുസില്‍ ഒമാന്‍ തീരത്ത് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് എണ്ണ ടാങ്കറുകള്‍ക്കു നേരെ ആക്രമണമുണ്ടായതായി ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നതായും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതായും സെന്റര്‍ വ്യക്തമാക്കി.
ലൈബീരിയന്‍ പതാക വഹിച്ച സ്റ്റോള്‍ട്ട് മഗ്‌നീഷ്യം എന്ന എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായും ടാങ്കറിന്റെ എന്‍ജിന്‍ മുറിയില്‍ തീപിടുത്തമുണ്ടായതായും സെന്റര്‍ വ്യക്തമാക്കി. ഒമാന്‍ പ്രാദേശിക ജലാതിര്‍ത്തിക്ക് പുറത്ത്, സൗത്ത് ശര്‍ഖിയ ഗവര്‍ണറേറ്റിന്റെ തീരത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ടാങ്കറിന്റെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റിയതായും അതിലെ 23 അംഗ ജീവനക്കാരെ സംഭവസ്ഥലത്തിന് സമീപമുള്ള മറ്റൊരു കപ്പല്‍ ഒഴിപ്പിച്ചതായും സെന്റര്‍ പറഞ്ഞു.
യു.എ.ഇയുടെ മൊംബാസ ബി എന്ന എണ്ണ ടാങ്കറിനു നേരെ മുസന്ദം ഗവര്‍ണറേറ്റിന്റെ തീരത്ത് നിന്ന് 8.5 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ആക്രമണമുണ്ടായതായും എന്‍ജിന്‍ തകരാറിലായതായും സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമാന്‍ റോയല്‍ നേവി കപ്പല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. എണ്ണ ടാങ്കറിലെ 21 ജീവനക്കാരെ സംഭവസ്ഥലത്തിന് സമീപമുള്ള മറ്റു കപ്പലുകള്‍ ഒഴിപ്പിച്ചു. ഇവരില്‍ ആറ് പേര്‍ക്ക് പരിക്കുകള്‍ സംഭവിച്ചു.
യു.എ.ഇ ആസ്ഥാനമായുള്ള അല്‍ബാഹിയ കമ്പനി ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറിനു നേരെ മുസന്ദം ഗവര്‍ണറേറ്റിന്റെ തീരത്ത് നിന്ന് 9.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണമുണ്ടായതെന്ന് കേന്ദ്രം അറിയിച്ചു. ഒമാന്‍ റോയല്‍ നേവിക്കു കീഴിലെ കപ്പല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ടാങ്കറിലെ 18 ജീവനക്കാരെ അപകടസ്ഥലത്തിന് സമീപമുള്ള മറ്റു കപ്പലുകള്‍ വഴി ഒഴിപ്പിച്ചതായും 3 ജീവനക്കാരെ കാണാതായതായും ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ പറഞ്ഞു.



