റിയാദ്: സ്‌കൂട്ടറില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു. ഡെലിവറി ജീവനക്കാരനായിരുന്ന എറണാകുളം മട്ടാഞ്ചേരി സ്വദേശി വില്യംസ് (31) ആണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍ 29ന് റിയാദിലെ സുലൈയില്‍ വില്യംസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ശുമൈസിയിലെ കിങ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ നാലിന് മരിച്ചു. ഒരു വര്‍ഷം മുമ്പ് തൊഴില്‍ വിസയില്‍ റിയാദിലെത്തിയ വില്യംസ് ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയില്‍ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. കൊപ്പരമ്പില്‍ തോമസിന്റെയും നെസിയുടെയും മകനാണ്. ജിഷ്മയാണ് ഭാര്യ. ഏഴും രണ്ടും വയസ്സുള്ള രണ്ട് മക്കളുണ്ട്. ജോസഫ് സഹോദരനാണ്.
അപകടസമയത്ത് ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ മലയാളി നഴ്‌സായ ബിനീഷിന്റെ സഹായത്തോടെ റിയാദ് ഒ.ഐ.സി.സി ഭാരവാഹി മാത്യൂ ജോസഫ് നടത്തിയ അന്വേഷണത്തിലാണ് വില്യംസിനെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്.
സുലൈമാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച രാവിലെ 8.20ന് റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും. അന്നേ ദിവസം രാത്രി 10.20ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച മട്ടാഞ്ചേരിയിലെ സെമിത്തേരിയില്‍ സംസ്‌കരിക്കും.



