ഡാളസ്– 2026 ഫിഫ ലോകകപ്പിന്റെ ആവേശം അതിന്റെ പരകോടിയിലെത്തിച്ച് ഫുട്ബോൾ ലോകം കാത്തിരുന്ന ആ മഹാപോരാട്ടം ഇന്ന് അരങ്ങേറുന്നു. ടെക്സസിലെ ഡാളസ് ആർലിംഗ്ടണിലുള്ള എ.ടി. ആൻഡ് ടി. സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിഫൈനലിൽ ലോകത്തെ ഏറ്റവും മികച്ച രണ്ട് ടീമുകളായ ഫ്രാൻസും സ്പെയിനും തമ്മിൽ ഏറ്റുമുട്ടും. ലോകമെമ്പാടുമുള്ള ആരാധകർ ഈ ടൂർണമെന്റിന്റെ ഡ്രോ നടന്ന ഡിസംബർ മുതൽ കാത്തിരിക്കുന്ന പോരാട്ടമാണിത്. ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഈ സ്വപ്നതുല്യമായ പോരാട്ടം ഇന്ന് രാത്രി 12:30-ന് തത്സമയം കാണാം.
യൂറോപ്യൻ വമ്പന്മാരായ സ്പെയിനും ഫ്രാൻസും തമ്മിലുള്ള ഒരു ഇതിഹാസ പോരാട്ടത്തിന്റെ മൂന്നാം അധ്യായമാണിത്. മുൻപ് നടന്ന 2024 യൂറോ കപ്പ് സെമിയിലും, 2025 നെഷൻസ് ലീഗ് സെമിയിലും ഫ്രാൻസിനെ തറപറ്റിച്ച് സ്പെയിൻ മേധാവിത്വം നേടിയിരുന്നു. എന്നാൽ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടിറങ്ങുന്ന ഫ്രാൻസ് ഇന്ന് ഇറങ്ങുന്നത് ആ പഴയ തോൽവികൾക്കെല്ലാം കണക്കുതീർക്കാനുള്ള കടുത്ത പ്രതികാര ബുദ്ധിയോടെയാണ്.
ഫ്രഞ്ച് പടയുടെ ആക്രമണം: എംബാപ്പെയുടെ വേഗതയിൽ സ്പെയിനെ തകർക്കാൻ ‘ലെ ബ്ലൂസ്’


ടൂർണമെന്റിലെ ഏറ്റവും വലിയ പ്രീ-ടൂർണമെന്റ് ഫേവറിറ്റുകളായി വന്ന ഫ്രാൻസ് തങ്ങളുടെ അപ്രമാദിത്വം തെളിയിച്ചാണ് സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ സ്വീഡൻ, പരാഗ്വേ, മൊറോക്കോ എന്നിവരെ അനായാസം തകർത്ത് മുന്നേറിയ അവർ നോക്കൗട്ടിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങിയിട്ടില്ല. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ 2-0 ന് തകർത്താണ് വരവ്. 2018-ൽ റഷ്യയിൽ കിരീടം നേടുകയും, 4 വർഷം മുൻപ് ഖത്തറിൽ എംബാപ്പെയുടെ ഹാട്രിക് മികവിലും അർജന്റീനയോട് പെനാൽറ്റിയിൽ തോൽക്കുകയും ചെയ്ത ഫ്രാൻസിന് ഇത് തുടർച്ചയായ മൂന്നാം ഫൈനൽ പ്രവേശനത്തിനുള്ള സുവർണ്ണാവസരമാണ്. ഫ്രാൻസിനെ 14 വർഷമായി നയിക്കുന്ന ഇതിഹാസ പരിശീലകൻ ദിദിയർ ദെഷാംപ്സ് ഈ ടൂർണമെന്റോടെ പടിയിറങ്ങുന്നതിനാൽ കിരീടത്തോടെയുള്ള യാത്രയയപ്പാണ് ഫ്രഞ്ച് പട ലക്ഷ്യമിടുന്നത്. മൊറോക്കോയ്ക്കെതിരെ ചെറിയ പരിക്കേറ്റ എംബാപ്പെ താൻ പൂർണ്ണ ഫിറ്റാണെന്ന് വ്യക്തമാക്കിയത് അവർക്ക് ആശ്വാസമാണ്.
ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ആക്രമണാത്മക ശൈലിയിലാണ് ഇത്തവണ ടീമിനെ ഒരുക്കുന്നത്. ഗോൾവലയ്ക്ക് മുന്നിൽ വിശ്വസ്തനായ മൈക് മൈനൻ തന്നെ സ്ഥാനം ഉറപ്പിക്കുമ്പോൾ, പ്രതിരോധത്തിന്റെ മധ്യഭാഗത്ത് ആഴ്സണലിന്റെ കരുത്തനായ വില്യം സലിബയും ദയോറ്റ് ഉപമെക്കാനോയും അണിനിരക്കും. ശനിയാഴ്ചത്തെ പരിശീലനത്തിൽ നിന്ന് ഇവർ വിട്ടുനിന്നിരുന്നെങ്കിലും സെമിയിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിങ് ബാക്കുകളായി ജൂൾസ് കുണ്ടെയും ലൂക്കാസ് ഡിഗ്നെയും എത്തുന്നതോടെ ഫ്രഞ്ച് പ്രതിരോധം ശക്തമാകും. മധ്യനിരയിൽ പരിക്കിന്റെ ആശങ്കകൾ മാറി ഔറേലിയൻ ചൗവാമേനിയും മനു കോനെയും തിരിച്ചെത്തിയിട്ടുണ്ടെങ്കിലും, അഡ്രിയാൻ റാബിയോട്ടിനൊപ്പം മനു കോനെ തന്നെയാകും കളി നിയന്ത്രിക്കുക. ഒരേ ലോകകപ്പിൽ 5 ഗോളുകൾ വീതം നേടി റെക്കോർഡിട്ട കിലിയൻ എംബാപ്പെയും ഒസ്മാൻ ഡെംബെലെയും ഒപ്പം 5 അസിസ്റ്റുകളുമായി തിളങ്ങുന്ന മൈക്കൽ ഒലീസും ഡിസൈർ ഡുവെയും ചേരുന്ന മുന്നേറ്റ നിര സ്പെയിന് കടുത്ത ഭീഷണിയാകും. പകരക്കാരുടെ ബെഞ്ചിൽ റായൻ ചെർക്കിയും ജീൻ-ഫിലിപ്പ് മാറ്റെറ്റയും അവസരം കാത്തിരിക്കുന്നുണ്ട്.
ലാ റോജയുടെ പ്രതിരോധക്കോട്ട: യമാലിന്റെ മാന്ത്രികതയിലും മെറിനോയുടെ ‘ട്വിസ്റ്റിലും’ വിറപ്പിക്കാൻ സ്പെയിൻ


സമ്പന്നമായ ഫുട്ബോൾ പാരമ്പര്യമുണ്ടായിട്ടും 2010-ൽ ദക്ഷിണാഫ്രിക്കയിൽ മാത്രം ലോകകപ്പ് ഉയർത്തിയ സ്പെയിൻ തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിൽ കേപ് വേർഡിനോട് ഗോൾരഹിത സമനില വഴങ്ങിയെങ്കിലും പിന്നീട് അവർ കളി മികവ് വീണ്ടെടുത്തു. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ 2-1 ന് തോൽപ്പിച്ചാണ് സ്പെയിൻ സെമിയിലെത്തിയത്. ടൂർണമെന്റിൽ കളിച്ച 6 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ മാത്രമാണ് സ്പെയിൻ വഴങ്ങിയത് എന്നത് അവരുടെ പ്രതിരോധത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു. കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ സ്പെയിന്റെ പഴയ ടിക്കി-ടാക്ക ശൈലി തിരികെ കൊണ്ടുവന്നതോടെ ഫ്രാൻസിന് പന്ത് കൈക്കലാക്കാൻ കഠിനമായി അധ്വാനിക്കേണ്ടി വരും.
സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ തങ്ങളുടെ വിഖ്യാതമായ പൊസഷൻ ഫുട്ബോൾ ശൈലിക്ക് അനുയോജ്യമായ താരങ്ങളെയാണ് കളത്തിലിറക്കുന്നത്. ഗോൾകീപ്പറായി ഉനായ് സിമോൺ എത്തുമ്പോൾ പ്രതിരോധ നിരയിൽ യുവതാരം പൗ കുബാർസിയും പരിചയസമ്പന്നനായ അയ്മെറിക് ലപോർട്ടയും മധ്യഭാഗത്ത് കോട്ടകെട്ടും. റൈറ്റ് ബാക്കിൽ മാർക്കോസ് ലൂറന്റെയെ മറികടന്ന് പെഡ്രോ പോറോയും ലെഫ്റ്റ് ബാക്കിൽ റയൽ മാഡ്രിഡിന്റെ പുതിയ താരം മാർക് കുക്കറെല്ലയും വിങ്ങുകളിൽ പ്രതിരോധം തീർക്കും. മധ്യനിരയിൽ കളി നിയന്ത്രിക്കാൻ ക്യാപ്റ്റൻ റോഡ്രിക്കൊപ്പം പെഡ്രിയും ഡാനി ഓൽമോയും അണിനിരക്കാനാണ് സാധ്യത. മുന്നേറ്റ നിരയിൽ ബാഴ്സലോണയുടെ അത്ഭുത ബാലൻ ലാമിൻ യമാൽ, അലക്സ് ബീന എന്നിവർക്കൊപ്പം സ്ട്രൈക്കറായി മിഖേൽ ഒയാർസബാൽ ബൂട്ട് കെട്ടും. വിങ്ങർ വിക്ടർ മുനോസിന് പരിക്കിന്റെ ആശങ്കയുണ്ടെങ്കിലും നിക്കോ വില്യംസും യെറെമി പിനോയും പരിക്കിൽ നിന്ന് മുക്തരായി ബെഞ്ചിലുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവസാന മിനിറ്റുകളിൽ ഇറങ്ങി സ്പെയിന്റെ വിജയ ഗോൾ കുറിച്ച 30-കാരനായ മിഷേൽ മെറിനോ എന്ന ‘സൂപ്പർ സബ്ബ്’ ഇന്നും സ്പെയിന്റെ രഹസ്യ ആയുധമായി ബെഞ്ചിലുണ്ടാകും.
യമാൽ vs എംബാപ്പെ: തലമുറകളുടെ പോരാട്ടം
കഴിഞ്ഞ ദിവസം തിങ്കളാഴ്ച തന്റെ 19-ാം ജന്മദിനം ആഘോഷിച്ച ബാഴ്സലോണയുടെ അത്ഭുത ബാലൻ ലാമിൻ യമാലാണ് സ്പെയിന്റെ മുഖ്യ ആകർഷണം. പരിക്കിൽ നിന്ന് പൂർണ്ണമുക്തനാകാതെ ലോകകപ്പിനെത്തിയ യമാൽ ബെൽജിയത്തിനെതിരെയുള്ള ക്വാർട്ടറിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടി ഫോമിലേക്ക് തിരിച്ചെത്തി. ഫ്രാൻസിനെ ഭയമുണ്ടോ എന്ന ചോദ്യത്തിന് ഞങ്ങൾ യൂറോപ്യൻ ചാമ്പ്യന്മാരാണെന്നും ഫ്രാൻസാണ് തങ്ങളെ ഭയപ്പെടേണ്ടതെന്നും മുൻപ് നടന്ന രണ്ട് സെമിഫൈനലുകളിലും തങ്ങൾ അവരെ തോൽപ്പിച്ചതാണെന്നും യമാൽ ഓർമ്മിപ്പിച്ചു. തന്റെ ജന്മദിന സമ്മാനമായി ഞായറാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഫൈനലിൽ കളിക്കണമെന്നാണ് യമാലിന്റെ ആഗ്രഹം.
മുൻപ് നടന്ന നേഷൻസ് ലീഗിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 5-4 എന്ന ഹൈ-സ്കോറിങ് ത്രില്ലറിലാണ് സ്പെയിൻ ജയിച്ചത്. ഫ്രാൻസിന്റെ ലോകോത്തര അറ്റാക്കും സ്പെയിന്റെ അടിയുറച്ച ഡിഫൻസും നേർക്കുനേർ വരുമ്പോൾ ഡാളസിലെ പുൽമൈതാനത്ത് ഇന്ന് രാത്രി ചോരയിളകുന്ന പോരാട്ടം ഉറപ്പാണ്. ഇന്ന് ജയിക്കുന്നവർ ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ അർജന്റീനയോ ഇംഗ്ലണ്ടോ ആയി ഏറ്റുമുട്ടും. തോൽക്കുന്നവർ ജൂലൈ 18-ന് മിയാമിയിൽ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ പങ്കെടുക്കും.



