ദുബൈ: പ്രവാസി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ-തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യവും പ്രൊഫഷണലുമായ മാർഗനിർദേശം ലഭ്യമാക്കുന്നതിനായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ‘ഫ്യൂച്ചർ ക്രാഫ്റ്റ്’ വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശ സെൽ ആരംഭിച്ചു. വിദ്യാഭ്യാസ മേഖലയിലെ ആശയക്കുഴപ്പങ്ങൾ അകറ്റി വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും കഴിവിനും അനുയോജ്യമായ പഠന-തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ സഹായിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഉന്നത വിദ്യാഭ്യാസം, പഠനവിഷയങ്ങളുടെ തിരഞ്ഞെടുപ്പ്, കോളേജ്-സർവകലാശാല പ്രവേശനം, വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ, പ്രവേശന പരീക്ഷകൾ, ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും തൊഴിൽ സാധ്യതകൾ തുടങ്ങി വിദ്യാഭ്യാസ-കരിയർ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ മാർഗനിർദേശവും കൗൺസിലിംഗും ലഭ്യമാക്കും.
വിദ്യാർത്ഥികളുടെ താൽപര്യം, കഴിവ്, വ്യക്തിത്വം, ഭാവിയിലെ തൊഴിൽ സാധ്യതകൾ എന്നിവ വിലയിരുത്തി ശരിയായ പഠനപാത തിരഞ്ഞെടുക്കുന്നതിനുള്ള സഹായവും ഈ പദ്ധതിയുടെ ഭാഗമായി നൽകും. ഇന്നത്തെ മാറിവരുന്ന വിദ്യാഭ്യാസ-തൊഴിൽ സാഹചര്യത്തിൽ കൃത്യമായ മാർഗനിർദേശം വിദ്യാർത്ഥികളുടെ ഭാവി വിജയത്തിന് നിർണായകമാണെന്ന തിരിച്ചറിവിലാണ് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ആക്ടിങ് ജനറൽ സെക്രട്ടറി സുബൈർ കുബണൂർ .ട്രഷറർ ഡോക്ടർ ഇസ്മായിൽ എഡ്യൂക്കേഷൻ ആൻഡ് കരിയർ വിങ് ചെയർമാൻ സലാം തട്ടാഞ്ചേരി എന്നിവർ പറഞ്ഞു. വിദ്യാഭ്യാസ-കരിയർ മാർഗനിർദേശ രംഗത്ത് അനുഭവസമ്പത്തുള്ള മുജീബുള്ള കെ. എം., ഡോ. ഷരീഫ് പൊവ്വൽ, ഷംസുദ്ദീൻ പാട്ലടുക്ക, ഡോ. നൗഫിന കെ. പി. എന്നിവരാണ് പദ്ധതിയുടെ മാർഗനിർദേശ വിദഗ്ധരായി സേവനം നൽകുന്നത്.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ-കരിയർ സംബന്ധമായ സംശയങ്ങൾ വാട്സ്ആപ്പ് വഴി എഴുത്തായോ ശബ്ദസന്ദേശമായോ അയയ്ക്കാം. ലഭിക്കുന്ന ചോദ്യങ്ങൾക്ക് വിദഗ്ധർ മറുപടി നൽകും. ആവശ്യാനുസരണം വ്യക്തിഗത വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശ സെഷനുകളും കൗൺസിലിംഗും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസി സമൂഹത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കും മികച്ച തൊഴിൽഭാവി രൂപപ്പെടുത്തുന്നതിനും ഈ സേവനം വലിയ പിന്തുണയാകുമെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മാർഗനിർദേശത്തിനുമായി താഴെപ്പറയുന്ന വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടണം എന്ന് ദുബായ് കെ എം സി സി
കാസറഗോഡ് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
+971 50 922 0561 +91 94963 58413
+971 50 857 6548 +91 99951 06886
“ഇന്നത്തെ വിദ്യാർത്ഥികൾക്ക് ശരിയായ ദിശാബോധം നൽകി നാളെയുടെ നേതൃത്വത്തെ വളർത്തിയെടുക്കുക” എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നത്.



