തെഹ്‌റാൻ– ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 20 ശതമാനം സുരക്ഷാ നികുതി ഈടാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തെ കടുത്ത ഭാഷയിൽ അപലപിച്ച് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലൂല ദ സിൽവ. ട്രംപിന്റെ ഈ പദ്ധതി വെറും കടൽക്കൊള്ള ആണെന്നും രാജ്യാന്തര കപ്പൽ ഗതാഗത പാതയിലൂടെ കടന്നുപോകുന്ന ചരക്കുകൾക്ക് മേൽ പണം ഈടാക്കാൻ വാഷിംഗ്ടണിന് യാതൊരു അവകാശവുമില്ലെന്നും ലൂല തുറന്നടിച്ചു. ഹോർമുസ് കടലിടുക്കിന്റെ സംരക്ഷകരായി അമേരിക്ക മാറുമെന്നും, തങ്ങൾ നൽകുന്ന സൈനിക സുരക്ഷയ്ക്ക് പകരമായി കടന്നുപോകുന്ന ചരക്കുകളുടെ മൂല്യത്തിന്റെ 20 ശതമാനം തുക ഈടാക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ബ്രസീൽ പ്രസിഡന്റ്.
പണ്ടുകാലത്ത് ഇതിനെ കടൽക്കൊള്ള എന്നാണ് വിളിച്ചിരുന്നതെന്ന് സാവോ പോളോയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ലൂല പറഞ്ഞു. കാലങ്ങളായി കടൽക്കൊള്ളയ്‌ക്കെതിരെ പോരാടിയതായി അവകാശപ്പെടുന്ന അമേരിക്കയെപ്പോലൊരു വൻശക്തി രാജ്യം ഇപ്പോൾ സ്വയം ഒരു കടൽക്കൊള്ളക്കാരനായി മാറാൻ പാടില്ലെന്നും ലൂല ഓർമ്മിപ്പിച്ചു. മറ്റുള്ളവരുടെ ദുരിതങ്ങളിൽ നിന്നും തകർച്ചയിൽ നിന്നും ലാഭം കൊയ്യാനാണ് വൈറ്റ് ഹൗസ് ഇപ്പോൾ ശ്രമിക്കുന്നത്.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് അധിനിവേശ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് വരെ ഹോർമുസ് കടലിടുക്ക് രാജ്യാന്തര കപ്പൽ ഗതാഗതത്തിനായി പൂർണ്ണമായും തുറന്നുനൽകിയിരുന്ന പാതയായിരുന്നുവെന്ന് ലൂല ചൂണ്ടിക്കാട്ടി. അതിനാൽ ഈ പാത ഉപയോഗിക്കുന്നതിന് കപ്പലുകളിൽ നിന്ന് പണം ഈടാക്കാൻ യു.എസിന് അവകാശമില്ല.
ഇറാനിലെ നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ സംയുക്ത സൈനിക ആക്രമണം ആരംഭിച്ചത്. എന്നാൽ ഇതിനെതിരെ ശക്തമായി തിരിച്ചടിച്ച ഇറാൻ സൈന്യം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നികുതി വ്യവസ്ഥയുമായി ട്രംപ് രംഗത്തെത്തിയതും ഇതിനെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്തമാകുന്നതും.



