കോഴിക്കോട്– സംഘപരിവാർ പശ്ചാത്തലമുള്ള വ്യക്തികളെ ഉന്നത പദവികളിൽ നിയമിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി സമസ്ത. വർഗീയതക്കെതിരെ സന്ധി ചെയ്യില്ല എന്ന ഉറച്ച നിലപാട് എടുത്ത ആളാണ് മുഖ്യമന്ത്രിയെന്നും, എന്നാൽ ഇപ്പോഴത്തെ നിയമനങ്ങളിലൂടെ ആ നിലപാടിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടായോ എന്ന് യുഡിഎഫ് ചർച്ച ചെയ്യണമെന്നും എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു. ഈ വിഷയം യുഡിഎഫ് തികഞ്ഞ ഗൗരവത്തോടെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം ലീഗ് ഇക്കാര്യം യുഡിഎഫ് മുന്നണിയിൽ ഉന്നയിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘപരിവാർ ബന്ധമുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതിൽ സ്വാഭാവികമായും എല്ലാവർക്കും പ്രതിഷേധമുണ്ടാകും. അത്തരം പ്രതിഷേധങ്ങൾ യുക്തമായ രീതിയിൽ അവതരിപ്പിക്കേണ്ടത് അനിവാര്യമാണ്. പത്രങ്ങളിൽ വരുന്ന വാർത്തകളും ഘടകക്ഷികളിൽനിന്ന് ഉണ്ടാകുന്ന അഭിപ്രായങ്ങളും ഇതിന്റെ പ്രതിഫലനമാണ്. കേരളത്തെ വർഗീയതിയിലേക്ക് തള്ളിവിടാതെ, ജനാധിപത്യ രീതിയിൽ സൗഹൃദപരമായി മുന്നോട്ട് കൊണ്ടുപോകണമെന്ന നിശ്ചയദാർഢ്യമുള്ള മുഖ്യമന്ത്രിയാണ് വി ഡി സതീശൻ എന്ന് സമദ് പൂക്കോട്ടൂർ ഓർമ്മിപ്പിച്ചു. ഇക്കാര്യം ബോധ്യപ്പെടുത്തുന്ന ഒരുപാട് പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും, അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് വലിയ ജനപിന്തുണ ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി തന്റെ മുൻനിലപാടുകളിൽനിന്ന് വ്യതിചലിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത് കടമയാണെന്ന് വ്യക്തമാക്കിയ സമദ് പൂക്കോട്ടൂർ, വിഷയത്തിൽ യുഡിഎഫ് വിശദമായ ചർച്ച നടത്തി ഒരു തീരുമാനം എടുത്ത ശേഷം സമസ്ത തങ്ങളുടെ ഔദ്യോഗിക അഭിപ്രായം പറയുമെന്നും വ്യക്തമാക്കി.



