ദോഹ- ഖത്തറും ഈജിപ്ഷ്യൻ മധ്യസ്ഥരും മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചു. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം, ഇക്കാര്യത്തിൽ ഇസ്രായിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് അഭയം നൽകുന്ന റഫ നഗരത്തിന് നേരെ പൂർണ്ണമായ സൈനിക ആക്രമണം നടത്താൻ ഇസ്രായിൽ പദ്ധതിയിട്ടിരുന്നു. എന്നാൽ തെക്കൻ ഗാസയിലെ റഫയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ഏതെങ്കിലും സൈനിക ആക്രമണം ഒരു പിക്നിക് ആയിരിക്കില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും എൻക്ലേവിൽനിന്ന് പിൻവാങ്ങാനും ഇസ്രായേൽ സർക്കാർ പ്രതിജ്ഞാബദ്ധമാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ഫലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞതായി ഫലസ്തീൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി വഫ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ അംഗീകരിക്കാൻ ഇസ്രായിലിന് മേൽ സമ്മർദം ചെലുത്താൻ അബ്ബാസ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.