ദുബായ് – അറ്റകുറ്റപ്പണികള്‍ക്കായി ആറു മാസം അടച്ചിട്ട പാം മോണോറെയില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ പാം ജുമൈറയിലുടനീളമുള്ള പ്രധാന പൊതുഗതാഗത ബന്ധം പുനഃസ്ഥാപിച്ചു. ഞങ്ങള്‍ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തി, പാം മോണോറെയില്‍ തുറന്നിരിക്കുന്നു, പാം ജുമൈറയിലൂടെ യാത്ര ആസ്വദിക്കൂ എന്ന് പറഞ്ഞുകൊണ്ട് പാം മോണോറെയില്‍ സര്‍വീസ് പുനരാരംഭിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ ഓപ്പറേറ്റര്‍ സ്ഥിരീകരിച്ചു.
ഷെഡ്യൂള്‍ ചെയ്ത സ്റ്റേഷന്‍ അറ്റകുറ്റപ്പണികള്‍ക്കായി ജനുവരിയില്‍ പാം മോണോറെയില്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു. അടച്ചിട്ട സമയത്ത് താമസക്കാരും സന്ദര്‍ശകരും ടാക്‌സികളും മറ്റ് ഗതാഗത ഓപ്ഷനുകളും ഉപയോഗിക്കണമെന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചു.
തൂണുകളിലൂടെയുള്ള പാം മോണോറെയില്‍ പാത പാം ജുമൈറയിലേക്കുള്ള പ്രവേശന കവാടത്തിലെ ഗേറ്റ്വേ സ്റ്റേഷനില്‍ നിന്ന് അറ്റ്‌ലാന്റിസ് അക്വാവെഞ്ചറിലേക്ക് 5.5 കിലോമീറ്റര്‍ നീളുന്നു. ഗോള്‍ഡന്‍ മൈല്‍ ഗാലേറിയ, അല്‍ഇത്തിഹാദ് പാര്‍ക്ക്, പാം ജുമൈറ മാള്‍ എന്നിവക്കും മോണോറെയില്‍ സേവനം നല്‍കുന്നു. ഇത് യാത്രക്കാര്‍ക്ക് ദ്വീപിലെ പ്രധാന ഹോട്ടലുകള്‍, ആകര്‍ഷണങ്ങള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍ എന്നിവയിലേക്ക് എളുപ്പത്തില്‍ പ്രവേശനം നല്‍കുന്നു. ഒരു പൂര്‍ണ്ണ യാത്രക്ക് ഏകദേശം ഒമ്പത് മിനിറ്റ് എടുക്കും. തുടര്‍ച്ചയായ സ്റ്റോപ്പുകള്‍ക്കിടയിലുള്ള യാത്രക്ക് ഏകദേശം മൂന്ന് മിനിറ്റാണ് എടുക്കുക.
വണ്‍വേ യാത്രക്ക് ഒരാള്‍ക്ക് 10 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. റിട്ടേണ്‍ ടിക്കറ്റിന് 15 ദിര്‍ഹം ആണ് നിരക്ക്. കുടുംബ യാത്രാ പാസുകളും അണ്‍ലിമിറ്റഡ് യാത്രാ പാസുകളും ലഭ്യമാണ്. ടിക്കറ്റുകള്‍ ഓണ്‍ലൈനായോ മോണോറെയിലിന്റെ ഔദ്യോഗിക ബുക്കിംഗ് ചാനലുകള്‍ വഴിയോ വാങ്ങാവുന്നതാണ്. ആദ്യ ട്രെയിന്‍ ഗേറ്റ്വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 9 മണിക്ക് പുറപ്പെടും. അവസാന സര്‍വീസ് രാത്രി 9.45 നാണ്. അറ്റ്‌ലാന്റിസ് അക്വാവെഞ്ചറില്‍ നിന്നുള്ള സര്‍വീസുകള്‍ രാവിലെ 9.15 ന് ആരംഭിക്കും. അവസാന ട്രെയിന്‍ രാത്രി 10 മണിക്ക് പുറപ്പെടും. ആഴ്ചയില്‍ എല്ലാ ദിവസവും 15 മിനിറ്റ് ഇടവേളകളില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു.



