ഗാസ – ഗാസ മുനമ്പില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 10 ഉം 6 ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ നഗരത്തില്‍ സ്‌കൂളിന് സമീപം ഇസ്രായിലി വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഗാസ നഗരത്തില്‍ പോരാളികള്‍ക്ക് നേരെ ആക്രമണം നടത്തിയെങ്കിലും ആളപായമുണ്ടായതായി തങ്ങള്‍ക്ക് വിവരമില്ലെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലെ അല്‍മവാസി പ്രദേശത്ത് അഭയാര്‍ഥികള്‍ കഴിയുന്ന ഒരു തമ്പിനു നേരെയുണ്ടായ മറ്റൊരു ഇസ്രായിലി വ്യോമാക്രമണത്തില്‍ 10 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ഗാസ നഗരത്തിലെ സെയ്തൂന്‍ ഡിസ്ട്രിക്ടില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ആറ് വയസ്സുകാരന്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗാസ നഗരത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇസ്രായില്‍ സൈന്യം രണ്ട് വ്യോമാക്രമണങ്ങള്‍ കൂടി നടത്തിയതായും ഇതില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതിനുശേഷവും ഇസ്രായില്‍ ഗാസയില്‍ പതിവായി വ്യോമാക്രമണം നടത്തിവരികയാണ്. തങ്ങളുടെ സേനയെ ഭീഷണിപ്പെടുത്തുന്നവരോ 2023 ഒക്ടോബറില്‍ ഇസ്രായിലിനെതിരായ ആക്രമണത്തില്‍ പങ്കെടുത്തവരോ ആയ പോരാളികളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രായില്‍ പറയുന്നു. ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതായി ഹമാസ് ആരോപിക്കുന്നു. മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയക്കുള്ള സമാധാന കൗണ്‍സിലിന്റെ പ്രത്യേക കോര്‍ഡിനേറ്റര്‍ നിക്കോളായ് മ്ലാഡെനോവ് ഇരുപക്ഷവും കരാര്‍ ലംഘിക്കുകയാണെന്ന് വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സമാധാന കൗണ്‍സില്‍ സ്ഥാപിച്ചത്. ഒമ്പത് മാസം മുമ്പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഗാസയില്‍ 1,080 ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇക്കാലയളവില്‍ ഗാസയില്‍ നാല് ഇസ്രായിലി സൈനികരും കൊല്ലപ്പെട്ടു. തങ്ങളുടെ ഭാഗത്തുള്ള മരണസംഖ്യ ഹമാസ് വെളിപ്പെടുത്തുന്നില്ല.



