ജിദ്ദ – വിദേശ സന്ദര്‍ശകരുടെ യാത്ര എളുപ്പമാക്കാനായി ടൂറിസ്റ്റ് പാക്കേജ് വിസ സേവനത്തിന്റെ പൈലറ്റ് ഘട്ടം സൗദി അറേബ്യ ആരംഭിച്ചു. യാത്രാ നടപടിക്രമങ്ങള്‍ ലളിതമാക്കാനും നിര്‍ദ്ദിഷ്ട പൈലറ്റ് വിപണികളിലെ അംഗീകൃത ജനറല്‍ കാറ്റഗറി യാത്രാ, ടൂറിസം സേവന ദാതാക്കള്‍ വഴി ബുക്ക് ചെയ്യുന്ന സമഗ്ര യാത്രാ പാക്കേജിന്റെ ഭാഗമായി സന്ദര്‍ശകരെ ടൂറിസ്റ്റ് വിസ നേടാന്‍ പ്രാപ്തരാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം സേവന സംവിധാനം വികസിപ്പിക്കാനും സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ടൂറിസം മന്ത്രാലയം, വിദേശ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇന്‍ഷുറന്‍സ് അതോറിറ്റി എന്നിവ തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഫലമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
കൂടുതല്‍ സുഗമവും സംയോജിതവുമായ അനുഭവം നല്‍കുന്ന നിലക്ക് ടൂറിസം ആക്ടിവിറ്റികള്‍, അനുഭവങ്ങള്‍, പ്രോഗ്രാമുകള്‍ എന്നിവ ചേര്‍ക്കാനുള്ള ഓപ്ഷനോടെ, യാത്രാ ടിക്കറ്റുകള്‍, ലൈസന്‍സുള്ള ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലെ താമസം, ഇലക്ട്രോണിക് രീതിയില്‍ വിസ ഇഷ്യൂ ചെയ്യല്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സംയോജിത യാത്ര ബുക്ക് ചെയ്യാന്‍ വിനോദസഞ്ചാരികളെ ഈ സേവനം അനുവദിക്കുന്നു. ടൂറിസ്റ്റ് പാക്കേജ് വിസ സേവനം സൗദിയിലേക്കുള്ള യാത്രാനുഭവം വികസിപ്പിക്കുന്നതില്‍ പുതിയ ചുവടുവെപ്പാണെന്ന് ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ് വ്യക്തമാക്കി. സന്ദര്‍ശകര്‍ക്ക് സുഗമമായ യാത്ര പ്രദാനം ചെയ്യാന്‍ ഇത് സഹായിക്കും. പുതിയ വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചുള്ള സംയോജിത യാത്രാ പാക്കേജുകള്‍ വാഗ്ദാനം ചെയ്യാന്‍ പുതിയ സേവനം ടൂറിസം മേഖലാ പങ്കാളികളെ പ്രാപ്തരാക്കുന്നു. ഇത് ടൂറിസം മേഖലയുടെ സുസ്ഥിര വളര്‍ച്ചയെ പിന്തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസ്ഥകള്‍ പൂര്‍ണമായ വിനോദസഞ്ചാരികള്‍ക്ക് ഓരോ നടപടിക്രമവും വെവ്വേറെ പൂര്‍ത്തിയാക്കുന്നതിനുപകരം, വിമാന ടിക്കറ്റ്, താമസം, ഇലക്ട്രോണിക് രീതിയില്‍ വിസ ഇഷ്യൂ ചെയ്യല്‍ എന്നിവ ഉള്‍പ്പെടുന്ന ഏകീകൃത പാക്കേജ് ലഭിക്കുന്നതിനാല്‍, യാത്രാ ആസൂത്രണത്തിന് ആവശ്യമായ നടപടിക്രമങ്ങള്‍ പുതിയ സേവനം കുറക്കും. കൂടുതല്‍ സംയോജിതവും ആകര്‍ഷകവുമായ ടൂറിസം പ്രോഗ്രാമുകള്‍ രൂപകല്‍പ്പന ചെയ്തുകൊണ്ട്, സന്ദര്‍ശകരെ സൗദിയിലെ അവരുടെ താമസം ദീര്‍ഘിപ്പിക്കാനും വൈവിധ്യമാര്‍ന്ന ടൂറിസം അനുഭവങ്ങള്‍ ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ജനറല്‍ വിഭാഗം യാത്രാ, ടൂറിസം സേവന ദാതാക്കള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള വര്‍ധിച്ചുവരുന്ന ആവശ്യം മുതലെടുക്കാനുള്ള അവസരവും ഈ സേവനം നല്‍കുമെന്നും ടൂറിസം മന്ത്രി കൂട്ടിചേർത്തു.
സേവന നിലവാരം ഉറപ്പാക്കുന്നതിന്, പൈലറ്റ് ഘട്ടത്തില്‍ പങ്കാളിത്തം വഹിക്കുന്ന യാത്രാ സേവന ദാതാക്കള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ സുസജ്ജത, സാങ്കേതിക പിന്തുണ നല്‍കല്‍, ആഴ്ചയില്‍ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും ആശയവിനിമയ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന ആവശ്യകതകള്‍ പാലിക്കേണ്ടതുണ്ട്.
സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, വിനോദസഞ്ചാരികള്‍ക്ക് സൗദിയിലേക്കുള്ള പ്രവേശനം സുഗമമാക്കാനും അവരുടെ അനുഭവം മെച്ചപ്പെടുത്താനുമായി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ, ഓണ്‍-അറൈവല്‍ വിസ, ട്രാന്‍സിറ്റ് വിസ തുടങ്ങിയ സംരംഭങ്ങളുടെ ഭാഗമാണ് പുതിയ വിസാ സേവനം. 2025 ല്‍ വിദേശങ്ങളില്‍ നിന്ന് 2.9 കോടിയിലേറെ വിനോദസഞ്ചാരികള്‍ സൗദിയിലെത്തി. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ വളര്‍ന്നുവരുന്ന സ്ഥാനത്തിന്റെ സൂചനയാണിത്.



