ഫിലാഡൽഫിയ: ലോകകപ്പ് പ്രീ-ക്വാർട്ടറിലെ കടുത്ത പോരാട്ടത്തിനൊടുവിൽ ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും, മത്സരത്തിന് ശേഷം കളിസ്ഥലത്ത് നാടകീയ രംഗങ്ങൾ. പരാഗ്വേ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലും ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയും തമ്മിലുണ്ടായ തർക്കമാണ് ഇപ്പോൾ കായികലോകത്ത് ചർച്ചയാകുന്നത്. മത്സരത്തിന് ശേഷം പരസ്പരം കൈകൊടുക്കുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. കളി ജയിച്ച ആഹ്ലാദത്തിൽ ആരാധകർക്ക് നേരെ തിരിഞ്ഞ എംബാപ്പെയ്ക്ക് കൈകൊടുക്കാനായി പരാഗ്വേ ഗോൾകീപ്പർ ഒർലാൻഡോ ഗിൽ അടുത്തുചെന്നു. എന്നാൽ എംബാപ്പെ ഈ സൗഹൃദ പ്രകടനത്തെ പൂർണ്ണമായി അവഗണിച്ച് മുന്നോട്ട് നടന്നുപോയി. ഇതിൽ പ്രകോപിതനായ ഗിൽ കയ്യിലിരുന്ന പന്ത് എംബാപ്പെയുടെ പുറത്തേക്ക് ശക്തമായി എറിയുകയായിരുന്നു. എന്നാൽ ഫ്രഞ്ച് താരം ഇതിനോട് പ്രതികരിക്കാൻ നിൽക്കാതെ നടന്നുനീങ്ങിയതിനാൽ മൈതാനത്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.
നിയന്ത്രണം നഷ്ടമായി’ എന്ന് പരാഗ്വേ കീപ്പർ
മത്സരശേഷമുള്ള വൈകാരികമായ നിമിഷത്തിലാണ് തനിക്ക് നിയന്ത്രണം നഷ്ടമായതെന്ന് ഒർലാൻഡോ ഗിൽ പിന്നീട് മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. താൻ സൗഹൃദപൂർവ്വം കൈനീട്ടിയിട്ടും അവിടെ ഇല്ലാത്തതുപോലെ എംബാപ്പെ അവഗണിച്ചപ്പോൾ ഉണ്ടായ ദേഷ്യത്തിലാണ് പന്തെറിഞ്ഞതെന്നും, എന്നാൽ പിന്നീട് താൻ ശാന്തനായെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് ഇരുവരും പരസ്പരം കൈകൊടുത്തതായും റിപ്പോർട്ടുകളുണ്ട്. തങ്ങളെ ശാരീരികമായും മാനസികമായും തളർത്താൻ ശ്രമിച്ച പരാഗ്വേയുടെ തന്ത്രങ്ങളെക്കുറിച്ച് എംബാപ്പെയും മത്സരശേഷം പ്രതികരിച്ചു. ഫ്രാൻസ് കോട്ടിട്ടായിരിക്കും കളിക്കാൻ വരികയെന്ന് അവർ കരുതിക്കാണുമെന്നും, എന്നാൽ ആവശ്യമെങ്കിൽ ഏത് മോശം ശൈലിയിലും കളി ജയിക്കാൻ തങ്ങൾക്ക് അറിയാമെന്നും എംബാപ്പെ ഓർമ്മിപ്പിച്ചു. തീപാറിയ മത്സരത്തിൽ 70-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് എംബാപ്പെ ഫ്രാൻസിന് 1-0 ത്തിന്റെ വിജയം സമ്മാനിച്ചത്. ഡെസിറെ ഡൂയെയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് വി.എ.ആർ പരിശോധനയ്ക്ക് ഒടുവിലാണ് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. ഈ വിജയത്തോടെ ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ നേരിടും.



