അബഹ – അബഹ ഫെസ്റ്റിവലിന്റെ ഭാഗമായ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് 23 പേര്‍ക്ക് പരിക്കേറ്റു. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് അപകടം. പരിക്കേറ്റവരില്‍ മൂന്ന് പേരെ ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ബാക്കിയുള്ളവര്‍ ചികിത്സയിലാണ്.
അപകടത്തിന്റെ കാരണങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം തുടരുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളുടെയും സമഗ്രമായ പരിശോധന ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിവരികയാണെന്നും അസീര്‍ ഗവര്‍ണറേറ്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ നേടാനും കിംവദന്തികളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അസീര്‍ ഗവര്‍ണറേറ്റ് എല്ലാവരോടും അഭ്യര്‍ഥിച്ചു.



