മിയാമി: ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം റൗണ്ടിൽ (റൗണ്ട് ഓഫ് 32) നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇന്ന് കേപ് വേർദെയെ നേരിടുന്നു. മിയാമിയിലെ പ്രശസ്തമായ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടൂർണമെന്റിലെ കരുത്തരും ഈ ലോകകപ്പിലെ കറുത്ത കുതിരകളും തമ്മിലാണ് പോരാട്ടം. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 3:30-നാണ് മത്സരം ആരംഭിക്കുക.
ലയണൽ സ്കലോണിയുടെ അർജന്റീന തകർപ്പൻ ഫോമിലാണ്. കളിച്ച മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും വിജയിച്ചാണ് അവർ വരുന്നത്. ജോർദാനെ 3-1 നും അൾജീരിയയെ 3-0 നും അവർ പരാജയപ്പെടുത്തിയിരുന്നു. ടൂർണമെന്റിൽ ഇതുവരെ ആറ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലുള്ള നായകൻ ലയണൽ മെസ്സിയാണ് അർജന്റീനയുടെ പ്രധാന കരുത്ത്. മധ്യനിരയിൽ അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മുന്നേറ്റത്തിൽ ലൗട്ടാരോ മാർട്ടിനസ്, ജൂലിയൻ അൽവാരസ് എന്നിവരും അണിനിരക്കുന്നതോടെ അർജന്റീന ശക്തമാണ്. പ്രതിരോധത്തിൽ ക്രിസ്റ്റ്യൻ റൊമേറോയും നിക്കോളാസ് ഒറ്റാമെൻഡിയും ഗോൾവലയ്ക്ക് മുന്നിൽ എമിലിയാനോ മാർട്ടിനസും അണിനിരക്കുന്ന പ്രതിരോധ നിരയും മികച്ച ഫോമിലാണ്.
മറുഭാഗത്ത്, ആദ്യമായി ലോകകപ്പ് കളിക്കുന്ന കേപ് വേർദെയുടെ ഈ ടൂർണമെന്റിലെ പ്രകടനം ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കരുത്തരായ സ്പെയിൻ, യുറുഗ്വായ് എന്നിവരുൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് ഒരു മത്സരം പോലും തോൽക്കാതെ മൂന്ന് സമനിലകളോടെയാണ് റൂയി ആഗ്വാസിന്റെ ശിക്ഷണത്തിലിറങ്ങുന്ന കേപ് വേർദെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഹീലിയോ വരേല, കെവിൻ പിന എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇവർക്കായി സ്കോർ ചെയ്തത്. കടുത്ത പ്രതിരോധ കോട്ട തീർക്കുന്നതിൽ മികവ് കാട്ടുന്ന കേപ് വേർദെ ഇതേവരെ രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. 40-കാരനായ ഗോൾകീപ്പർ വോസിഞ്ഞയുടെ പ്രകടനവും അവർക്ക് ആത്മവിശ്വാസം നൽകുന്നു. ദെയ്‌ലോൺ ലിവ്‌റാമെന്റോയാണ് മുന്നേറ്റനിരയിലെ ഇവരുടെ പ്രധാന താരം.
മധ്യനിരയിൽ അർജന്റീനയുടെ നീക്കങ്ങളെ തടഞ്ഞ്, കൗണ്ടർ അറ്റാക്കുകളിലൂടെ മുന്നേറാനാകും കേപ് വേർദെ ശ്രമിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ദൂരം ഓടിക്കളിച്ച ടീമുകളിൽ മുന്നിലാണ് കേപ് വേർദെ (432,796 മീറ്റർ). എന്നാൽ പന്തടക്കത്തിലും പക്വതയാർന്ന കളിശൈലിയിലും മുന്നിലുള്ള അർജന്റീനയെ (318,655 മീറ്റർ) സമ്മർദ്ദത്തിലാക്കുക അവർക്ക് എളുപ്പമാകില്ല. മെസ്സിയുടെ തകർപ്പൻ ഫോമും മിയാമിയിലെ വലിയ ആരാധകപിന്തുണയും അർജന്റീനയ്ക്ക് അനുകൂല ഘടകങ്ങളാണ്.



