തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിശ്ചയിക്കുന്നതല്ലാത്ത റൂട്ടിലൂടെ കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ഇറാന്‍ തടയുമെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി കാസിം ഗരീബാബാദി. ഒമാനുമായി കൂടിയാലോചിച്ച് കടലിടുക്കിലെ നാവിഗേഷന്‍ മാനേജ്മെന്റ് സംവിധാനം പുനഃക്രമീകരിക്കാനുള്ള ഇറാന്റെ പ്രതിബദ്ധത കാസിം ഗരീബാബാദി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത പാതകള്‍ ഇറാനാണ് നിര്‍ണ്ണയിക്കുകയെന്നും മറ്റ് റൂട്ടുകള്‍ ഉപയോഗിക്കുന്നത് നിരാകരിക്കുന്നതായും ഇരുപക്ഷവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇറാന്‍ ഒമാനെ അറിയിച്ചിട്ടുണ്ട്. കടലിടുക്കുമായി ബന്ധപ്പെട്ട ഭാവി ക്രമീകരണങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ ഒമാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കില്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ഫീസ് വേണമെന്ന നിലപാട് ഇറാന്‍ ഉന്നയിച്ചിട്ടുണ്ട്. പങ്കാളിത്തം വഹിക്കാന്‍ ഒമാന്‍ ആഗ്രഹം പ്രകടിപ്പിച്ചില്ലെങ്കില്‍ പോലും ഇറാന്‍ ഈ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നത് തുടരും. ഒമാന്‍ സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പോലും ഹോര്‍മുസ് കടലിടുക്ക് കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇറാന്‍ തുടര്‍ന്നും നടപ്പാക്കുമെന്നും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത പാതകള്‍ കൈകാര്യം ചെയ്യുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന ഇറാന്റെ നിലപാട് കാസിം ഗരീബാബാദി ആവര്‍ത്തിച്ചു.
ഹോര്‍മുസ് കടലിടുക്കിലെ നാവിഗേഷന്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ഇറാനിലെയും ഒമാനിലെയും വിദഗ്ധര്‍ വരും ദിവസങ്ങളില്‍ സാങ്കേതിക ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രാലയം പറഞ്ഞു. കടലിടുക്കിലെ ഗതാഗത പാതകള്‍ പുനര്‍നിര്‍ണയിക്കേണ്ടതിന്റെ ആവശ്യകത ഇറാന്‍ ഒമാനെ അറിയിച്ചിട്ടുണ്ട്. കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് ആവശ്യമെന്ന് കരുതുന്ന നടപടികള്‍ ഇറാന്‍ തുടര്‍ന്നും നടപ്പാക്കും. ഇറാന്‍ നിര്‍ണയിച്ചല്ലാത്ത പാതകളിലൂടെ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച ഏതാനും കപ്പലുകളുടെ നീക്കം ഇറാന്‍ അധികൃതര്‍ ഇതിനകം തടസ്സപ്പെടുത്തിയിട്ടുണ്ട്. ഭാവിയിലും ഈ നടപടികള്‍ തുടരുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു.
അതിനിടെ, ഹോര്‍മുസ് കടലിടുക്കിലെ മൈന്‍ നീക്കം ചെയ്യുന്നതില്‍ ഫ്രാന്‍സിന്റെയും മറ്റു രാജ്യങ്ങളുടെയും പങ്കാളിത്തത്തെ കുറിച്ചുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രഖ്യാപനം ഇറാന്‍ നിരസിച്ചു. ഹോര്‍മുസില്‍ നിന്നുള്ള മൈന്‍ നീക്കം ചെയ്യല്‍ ദൗത്യം പരമാധികാര കാര്യമാണ് എന്നും അമേരിക്കയുമായി ഒപ്പുവച്ച ധാരണാപത്രത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ഇറാന്‍ മാത്രമായിരിക്കും ഇത് നിര്‍വഹിക്കുക എന്നും ഇറാന്‍ വ്യക്തമാക്കി. സാഹചര്യം സങ്കീര്‍ണ്ണമാക്കുന്നതിനെതിരെ ഇറാന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി കാസിം ഗാരിബാബാദി ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കി. നിലവിലെ ഘട്ടത്തിന്റെ സംവേദനക്ഷമത കണക്കിലെടുത്ത് കടലിടുക്കിലെ ഏതൊരു ഫ്രഞ്ച് നടപടിയും പ്രകോപനമായി കണക്കാക്കുമെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി വ്യക്തമാക്കി.
അതേസമയം ഭാവിയിലെ ഏതൊരു ക്രമീകരണവും അന്താരാഷ്ട്ര സമുദ്ര നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ തന്നെ തുടരണമെന്നും ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ചുമത്തുന്നതിനെ പിന്തുണക്കുന്നില്ലെന്നും ഒമാന്‍ പറഞ്ഞു.



