ദമാം – ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊക്കു കീഴിലെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 ജീവനക്കാര്‍ കൊല്ലപ്പെട്ടതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ 6:00 മണിക്ക് കിഴക്കന്‍ പ്രവിശ്യയിലെ റാസ് തന്നൂറയിലാണ് അപകടം. ഹെലികോപ്റ്റററിലുണ്ടായിരുന്ന 14 യാത്രക്കാരും കൊല്ലപ്പെട്ടു. എല്ലാവരും സൗദി പൗരന്മാരാണ്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് അന്വേഷണം നടത്തുന്നതായി ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഊര്‍ജ മന്ത്രാലയം അഗാധമായ അനുശോചനവും ആത്മാര്‍ഥമായ സഹതാപവും അറിയിച്ചു.
ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്തസാക്ഷികളായ 12 ജീവനക്കാരുടെ പേരുകള്‍ മുന്‍ ശൂറാ കൗണ്‍സില്‍ അംഗം നബീഹ് അല്‍ബറാഹിം പ്രസിദ്ധീകരിച്ചു. ഖാലിദ് അല്‍അനസി, അബ്ദുല്ല അല്‍സുല്‍ഫി, സായിദ് അല്‍ദോസരി, ഇബ്രാഹിം അല്‍സുബൈഇ, മുശാരി അല്‍ബര്‍ഇ, മുഹമ്മദ് അല്‍ജുമൈഹ്, അലി അല്‍യാമി, റാമിസ് അല്‍മുതൈരി, മുആദ് അല്‍സഹ്റാനി, മൂസ ലാശിത്, ഹുസൈന്‍ അല്‍സ്വഫ്വാനി, അലി അല്‍ഉബൈദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഹെലികോപ്റ്ററിന്റെ പൈലറ്റ് ഗൈത് ബിന്‍ ഹമദ് അല്‍ശുബുല്‍ ആയിരുന്നെന്ന് ഗൗത് വളണ്ടിയര്‍ ടീം അംഗമായ ഹാതിം അല്‍ശുബൈലി അറിയിച്ചു. സമുദ്രത്തില്‍ നിന്ന് മടങ്ങുന്നതിനിടെ റാസ് തന്നൂറക്കും അല്‍ജുഅയ്മക്കും ഇടയിലുള്ള മരുഭൂമിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് ഹാതിം അല്‍ശുബൈലി പറഞ്ഞു.





