ദമാം- സൗദി പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടത്തിൽ മരിച്ചത് മലയാളി യുവ സംരംഭകനും സഹപ്രവർത്തകനും. സാമൂഹ്യ പ്രവർത്തകനും സംരംഭകനുമായ കണ്ണൂർ തലശ്ശേരി മണോലി വീട്ടിൽ സജീം (45) സഹപ്രവർത്തകൻ കണ്ണൂർ ചെറുകുന്ന് കണ്ടിവളപ്പിൽ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. സജീം സംഭവസ്ഥലത്തും ശ്രീലേഷ് ആശുപത്രിയിലുമാണ് മരിച്ചത്.
ബിസിനസ് ആവശ്യാർഥം റാസ് താനൂറായിൽ നിന്ന് ദമാമിലെക്കു മടങ്ങുന്ന വഴി ദമാം ജുബൈൽ ഹൈവേയിൽ ഖതീഫ് സെൻട്രൽ ആശുപത്രിക്കു സമീപം അമിത വേഗത്തിൽ വന്ന സ്വദേശിയുടെ വാഹനം ഇവർ സഞ്ചരിച്ച കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവരുടെ കാർ റോഡരികിലുള്ള താഴ്ചയിലേക്ക് വീണതോടെ കാർ പൂർണ്ണമായും തകർന്നു. ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുക്കാൻ സാധിച്ചത്. സജീം കാറിനകത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ സഹപ്രവർത്തകനായ ശ്രീലേഷിനെ ഖതീഫ് സെൻട്രൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹവും മരണത്തിനു കീഴടങ്ങി.
റസ്റ്റോറന്റുകൾ അടക്കം ട്രേഡിങ്ങ് ബിസിനസ്സ് വലിയ പുരോഗതി കൈവരിച്ചു മുന്നോട്ടു പോയികൊണ്ടിരിക്കുന്ന സജീം നിരവധി പുതിയ പ്രൊജെക്ടുകൾക്കു രൂപം നൽകി വരികയായിരുന്നു. സാമൂഹ്യ പ്രവർത്തന രംഗത്തും ജീവകാരുണ്യ രംഗത്തും സജീവമായി നിലകൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് ദമാമിലെ പ്രവാസി സമൂഹം ശ്രവിച്ചത്. വിപുലമായ ഒരു സൗഹൃദത്തിനുടമയാണ് സജീം.



