കൊച്ചി- സിനിമാ മേഖലയിൽനിന്ന് തനിക്ക് കടുത്ത വേദനയാണ് ലഭിച്ചതെന്ന് നടി അൻസിബ ഹസൻ. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് അൻസിബ ഇക്കാര്യം പറഞ്ഞത്. എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ലെന്നും അൻസിബ ചൂണ്ടിക്കാട്ടി.
ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി, മതപരിവർത്തനത്തിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി… ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: ‘തളരരുത്’- അൻസിബ പറയുന്നു.
ചാരുകസേരയിൽ ഇരുന്ന് അവർ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങൾ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവർക്ക് എന്നെ തകർക്കാൻ തടസ്സമായില്ല. ലക്ഷങ്ങൾ ഒഴുക്കി പി.ആർ ഏജൻസികളെക്കൊണ്ട് അവർ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവർ ആക്രമിക്കും, ഇനിയും അവർ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയിൽ ഞാൻ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ വായുവിൽ അലയുന്നുണ്ട്… അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.
ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ പൊരുതാൻ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകൾക്കെതിരെ ഞാൻ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണെന്നും അൻസിബ ഹസ്സൻ പറഞ്ഞു.



