ബെയ്‌റൂത്ത്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിലെ എയർപോർട്ട് റോഡിൽ ഇറാൻ അനുകൂല ബാനറുകൾ സ്ഥാപിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. വിവാദമായ ബാനറുകൾ രണ്ടു ദിവസത്തിനുള്ളിൽ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അഹ്‌മദ് അൽഹജാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിസ്ബുള്ളയുടെ വിശദീകരണം. തൊട്ടുപിന്നാലെ, ആശൂറാ ദിനാചരണവുമായി ബന്ധപ്പെട്ടാണ് ബാനറുകൾ സ്ഥാപിച്ചതെന്ന് വാദിച്ച് ഹിസ്ബുള്ള അനുകൂല സംഘടനയായ ‘യൂണിയൻ ഓഫ് മുനിസിപ്പാലിറ്റീസ് ഓഫ് സതേൺ സബർബ്‌സ്’ പ്രസ്താവന പുറത്തിറക്കി.
റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിൽ ബാനറുകൾ പ്രത്യക്ഷപ്പെട്ടതിനെതിരെ രാജ്യത്ത് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. സ്വിറ്റ്‌സർലൻഡിൽ നടന്ന യു.എസ്-ഇറാൻ ചർച്ചകൾക്കൊടുവിൽ വെടിനിർത്തൽ കരാറിലെത്തിയതിന് പിന്നാലെയാണ് ഇറാന് നന്ദി രേഖപ്പെടുത്തിയുള്ള ബാനറുകൾ ഇവിടെ പ്രത്യക്ഷപ്പെട്ടത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ, അദ്ദേഹത്തിന്റെ പിതാവ് അലി ഖാംനഈ എന്നിവരുടെ ചിത്രങ്ങളോടൊപ്പം ‘നന്ദി ഇറാൻ’ എന്ന വാചകവും ബാനറുകളിൽ പ്രദർശിപ്പിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാരണമായതോടെയാണ് ബാനറുകൾ രണ്ട് ദിവസത്തിനുള്ളിൽ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചത്. മുൻപ് ലെബനീസ് സർക്കാർ വിമാനത്താവള റോഡിൽ നിന്ന് എല്ലാ രാഷ്ട്രീയ-കക്ഷി ബാനറുകളും മുദ്രാവാക്യങ്ങളും നീക്കം ചെയ്തിരുന്നുവെങ്കിലും, ഹിസ്ബുള്ള സ്വന്തം സന്ദേശങ്ങൾ പ്രദർശിപ്പിക്കാൻ ഈ വഴി ദീർഘകാലമായി ഉപയോഗിച്ചിരുന്നു.
അതേസമയം, ആശൂറാ അനുസ്മരണത്തിന്റെ ഭാഗമായാണ് ബാനറുകൾ സ്ഥാപിച്ചതെന്ന് ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ പ്രധാന തെരുവുകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്ന കമ്പനി വ്യക്തമാക്കിയതായി യൂണിയൻ ഓഫ് മുനിസിപ്പാലിറ്റീസ് ഓഫ് സതേൺ സബർബ്‌സ് അറിയിച്ചു. ഈ പരസ്യപ്രചാരണം 10 ദിവസം നീണ്ടുനിൽക്കുമെന്നും മുഹറം പത്താം തീയതിയോടെ അവസാനിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ആശൂറാ ദിനാചരണം അവസാനിക്കുന്നതോടെ ഈ ബിൽബോർഡുകളെല്ലാം പൂർണ്ണമായും നീക്കം ചെയ്യുമെന്നും സംഘടന പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.



