ബെയ്‌റൂത്ത് – മാര്‍ച്ച് 2 മുതല്‍ ജൂണ്‍ 25 വരെ ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,230 ആയി ഉയര്‍ന്നതായി പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിലെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. 12,179 പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുല്ല വടക്കന്‍ ഇസ്രായിലിലേക്ക് റോക്കറ്റുകള്‍ തൊടുത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 2 മുതല്‍ ഇസ്രായില്‍ ലെബനോനെതിരെ യുദ്ധം നടത്തിവരികയാണ്. ഇസ്രായില്‍ സൈന്യം തെക്കന്‍ ലെബനോനിലെ ഏതാനും ഗ്രാമങ്ങള്‍ കൈവശപ്പെടുത്തി.
ഏപ്രില്‍ 16 ന് ലെബനോനും ഇസ്രായിലും തമ്മില്‍ പ്രാരംഭ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനുശേഷവും, തെക്കന്‍ ലെബനോനിലും കിഴക്കന്‍ ലെബനോനിലെ ബെക്കാ താഴ്വരയിലും വിശാലമായ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. ഈ വെടിനിര്‍ത്തല്‍ പിന്നീട് ഏപ്രില്‍ 23 ന് മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടി. പിന്നീട് മെയ് 15 ന് 45 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇസ്രായില്‍ ഇത് അംഗീകരിച്ചെങ്കിലും ഇതിനു ശേഷവും ആക്രമണങ്ങള്‍ തുടരുകയാണ്. ഇന്നലെ ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.



