ബെയ്‌റൂത്ത് – കിഴക്കന്‍, തെക്കന്‍ ലെബനോന്‍ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ലെബനോനിലെ സഹ്‌മര്‍ ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുട്ടിയും ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും തെക്ക് ടയര്‍ മേഖലയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള പുതിയ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതിനു ശേഷവും ഏറ്റുമുട്ടല്‍ തടയാനുള്ള ധാരണകളുടെ കഴിവിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഇസ്രായില്‍ ഏതാനും ലെബനോന്‍ ഗ്രാമങ്ങളില്‍ വ്യോമാക്രമണം നടത്തി. ജെസിന്‍ ജില്ലയിലെ ജബല്‍ അല്‍റഫീഅ്, നബതിയ ജില്ലയിലെ ഹബൗഷ്, മെയ്ഫദൂന്‍, നബതിയ അല്‍ഫൗഖ, അല്‍നമീരിയ, ഷൗക്കിന്‍, കഫര്‍ജൗസ്, അറബ് സാലിം എന്നിവയുള്‍പ്പെടെ ഏതാനും ഗ്രാമങ്ങളില്‍ വ്യോമാക്രമണങ്ങളുണ്ടായി. കിഴക്കന്‍ ലെബനോനിലെ പടിഞ്ഞാറന്‍ ബെക്കാ താഴ്വരയിലെ ലബയ, സഹ്‌മര്‍ ഗ്രാമങ്ങളിലേക്കും ആക്രമണം വ്യാപിച്ചു. വെള്ളിയാഴ്ച മുതിര്‍ന്ന ഇസ്രായിലി ഉദ്യോഗസ്ഥനും രണ്ട് ഹിസ്ബുല്ല വൃത്തങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതായി സ്ഥിരീകരിച്ചിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ മണിക്കൂറില്‍ മാത്രം ഇസ്രായില്‍ ഏകദേശം 12 വ്യോമാക്രമണങ്ങള്‍ നടത്തി. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ബോംബാക്രമണം പുനരാരംഭിച്ചു.



