ന്യൂയോർക്ക്- യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തെ ന്യായീകരിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് രംഗത്തെത്തി. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുമുള്ള വിമർശനങ്ങൾ മറുപടി നൽകിക്കൊണ്ടാണ് അദ്ദേഹം ഈ നീക്കത്തെ പിന്തുണച്ചത്. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വാൽസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ധാരണാപത്രത്തെ വിമർശിച്ച ഇസ്രായേലി ഉദ്യോഗസ്ഥരെയും തീവ്രവലതുപക്ഷ മന്ത്രിമാരായ ബെസാലെൽ സ്മോട്രിച്ച്, ഇറ്റാമർ ബെൻ-ഗ്വീർ എന്നിവരെയും വാൻസ് വിമർശിച്ചു. “അവരോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്: നിങ്ങളുടെ കൃത്യമായ നിർദ്ദേശം എന്താണ്? നിങ്ങൾ ഒൻപത് ദശലക്ഷം (90 ലക്ഷം) ജനങ്ങളുള്ള ഒരു രാജ്യമാണ്. നിങ്ങളുടെ എല്ലാ ദേശീയ സുരക്ഷാ പ്രശ്നങ്ങൾക്കും ആളുകളെ കൊന്നൊടുക്കിക്കൊണ്ട് മാത്രം പരിഹാരം കാണാൻ നിങ്ങൾക്കാവില്ല,” വാൻസ് പറഞ്ഞു.
ചർച്ചകൾ മുന്നോട്ട് പോകാൻ ഇസ്രായേൽ അനുവദിക്കണമെന്നും വളരെക്കാലമായി ഇസ്രായേൽ സർക്കാരിന്റെ മികച്ച പങ്കാളിയായി നിലകൊള്ളുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്ക് അല്പം ക്രെഡിറ്റ് നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രായേലിനോട് ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന അസാധാരണമായ കടുത്ത നിലപാടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് ഈ പ്രസ്താവന ചൂണ്ടികാണിക്കപ്പെടുന്നത്. തെക്കൻ ലെബനനിലെ ഇസ്രായേലിന്റെ സൈനിക നടപടികളും അധിനിവേശവും ഇറാനുമായുള്ള യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളെ പലതവണ പ്രതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ, ഇസ്രായേലിന്റെ സൈനിക നടപടിക്രമങ്ങളെ ട്രംപും വിമർശിച്ചിരുന്നു. സാധാരണക്കാരുടെ വലിയ തോതിലുള്ള മരണത്തിന് ഇത് കാരണമാകുന്നുണ്ടെന്ന് യുദ്ധ നിരീക്ഷകർ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഹിസ്ബുള്ളയുമായുള്ള യുദ്ധത്തിൽ ഇസ്രായേൽ സംയമനം പാലിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ സംസാരിക്കവെ, “വളരെയധികം ആളുകൾ കൊല്ലപ്പെട്ടു കഴിഞ്ഞു,” എന്ന് ട്രംപ് പറഞ്ഞു. നിങ്ങൾ ആരെയെങ്കിലും തിരയുമ്പോഴൊക്കെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടം മുഴുവൻ തകർക്കേണ്ടതില്ല. കാരണം ആ കെട്ടിടങ്ങളിൽ ഒരുപാട് ആളുകൾ താമസിക്കുന്നുണ്ട്, അവരെല്ലാവരും ഹിസ്ബുള്ളയല്ല,” ട്രംപ് കൂട്ടിച്ചേർത്തു.
വിജയം അവകാശപ്പെട്ട് വാൻസ്
വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിലും ഇറാനുമായുള്ള ധാരണാപത്രത്തെ വാൻസ് ശക്തമായി അനുകൂലിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും, ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള യുഎസ് നാവിക ഉപരോധം പിൻവലിക്കുന്നതും, ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കുന്നതും ഉൾപ്പെടുന്നതാണ് ഈ ധാരണാപത്രം.
എന്നാൽ, ഈ പ്രാഥമിക കരാർ ഇറാന് അനുകൂലമാണെന്നാണ് പ്രമുഖ ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കൻമാരും ആരോപിക്കുന്നത്. മുൻപ് നടന്ന നയതന്ത്ര ചർച്ചകളിലൂടെ നേടിയെടുക്കാമായിരുന്ന കാര്യങ്ങൾക്കപ്പുറം വലിയ നേട്ടങ്ങളൊന്നും ഈ യുദ്ധത്തിലൂടെ ഉണ്ടായിട്ടില്ലെന്ന് അവർ വാദിക്കുന്നു. എന്നാൽ പല പ്രശ്നങ്ങളും ഇനിയും പരിഹരിക്കപ്പെടാനുണ്ടെങ്കിലും, ട്രംപ് ഭരണകൂടം നടത്തിയ യുദ്ധം യുഎസിന് കൂടുതൽ അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതായി വാൻസ് അവകാശപ്പെട്ടു. ഇറാന്റെ ആണവ ശേഷി തകർക്കാനും സൈനിക ശക്തിയും സമ്പദ്‌വ്യവസ്ഥയും ദുർബലപ്പെടുത്താനും ഇതിലൂടെ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വരുന്ന വാരാന്ത്യത്തിൽ ആരംഭിച്ചേക്കാവുന്ന ചർച്ചകൾ വിജയിച്ചാലും ഇല്ലെങ്കിലും ഈ യുദ്ധം അമേരിക്കയുടെ വിജയമാണെന്നാണ് വാൻസ് വിശേഷിപ്പിച്ചത്. ഇറാൻ അവരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തിയില്ലെങ്കിലും അവരുടെ സൈനിക, ആണവ പദ്ധതികൾ ഇതിനകം തകർക്കപ്പെട്ടിട്ടുണ്ട്. ഇനി അവർ പെരുമാറ്റം മാറ്റുകയാണെങ്കിൽ, അവർക്ക് മിഡിൽ ഈസ്റ്റുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും. ഇറാനിലെ ജനങ്ങളുമായി മിഡിൽ ഈസ്റ്റിനും മികച്ചൊരു ബന്ധമുണ്ടാകും. ഇറാൻ ഏത് വഴി തിരഞ്ഞെടുത്താലും അത് അമേരിക്കൻ ജനതയ്ക്കും യുഎസ് പ്രസിഡന്റിനും ലഭിച്ച വിജയമാണ്-വാൻസ് പറഞ്ഞു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
ഇറാന്റെ ഫോസിൽ ഇന്ധന വ്യവസായത്തിന്മേലുള്ള ഉപരോധങ്ങൾ അടിയന്തരമായി ഒഴിവാക്കുക, യുഎസിന്റെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ 300 ബില്യൺ ഡോളറിന്റെ പുനർനിർമ്മാണ ഫണ്ട് രൂപീകരിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുന്നതിനായി ചർച്ചകൾ നടത്തുക, ബാക്കിയുള്ള ഉപരോധങ്ങൾ നീക്കുക എന്നിവ ധാരണാപത്രത്തിന്റെ ഭാഗമാണ്.
അതുപോലെ, ഇറാൻ തങ്ങളുടെ പക്കലുള്ള ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം സംഭരണത്തിന്റെ വീര്യം കുറയ്ക്കുമെന്ന വ്യവസ്ഥയും ഇതിലുണ്ട്. എന്നാൽ ഇറാന്റെ ആണവ പദ്ധതിയുടെ ഭാവിയെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾക്ക് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ഈ വിഷയം 60 ദിവസത്തെ ചർച്ചകൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഉപരോധങ്ങളും മരവിപ്പിച്ച ഫണ്ടുകളും യുഎസ് കൃത്യമായി ഉപയോഗിച്ചാൽ, ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്താനും പരിശോധനകൾക്ക് വിധേയമാകാനും ഇറാൻ തയ്യാറാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് വാൻസ് പറഞ്ഞു. അതേസമയം, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയെക്കുറിച്ചോ മേഖലയിലെ മറ്റ് സായുധ ഗ്രൂപ്പുകൾക്ക് അവർ നൽകുന്ന പിന്തുണയെക്കുറിച്ചോ ധാരണാപത്രത്തിൽ പരാമർശമില്ല. ഇസ്രായേലും യുഎസിലെ ഇറാൻ വിരുദ്ധരും ഉറ്റുനോക്കുന്ന പ്രധാന വിഷയങ്ങളാണിത്.
“ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്താൻ ശേഷിയുള്ള മിസൈലുകൾ നിർമ്മിക്കുന്നതിൽ നിന്ന് ഇറാനെ തടയുന്ന തരത്തിലുള്ള ഒരു കരാറിലേക്ക് ചർച്ചകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു,” വാൻസ് പറഞ്ഞു. എങ്കിലും, ഇറാന്റെ ബാലിസ്റ്റിക് ആയുധ ശേഷി പൂർണ്ണമായും ഇല്ലാതാക്കുമെന്ന മുൻ വാഗ്ദാനങ്ങളിൽ നിന്ന് ട്രംപിനെപ്പോലെ വൈസ് പ്രസിഡന്റും പിൻവാങ്ങി. ഇസ്രായേലായാലും ഇറാനായാലും, ഒരു രാജ്യത്തോടും നിങ്ങൾക്ക് സ്വയം പ്രതിരോധത്തിനുള്ള അവകാശമില്ലെന്ന് പറയാൻ കഴിയില്ല- അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്റെ ഭാവി ഭരണത്തെക്കുറിച്ചോ അവിടെ ഇറാൻ ടോൾ പിരിക്കുന്നത് തടയുന്നതിനെക്കുറിച്ചോ ധാരണാപത്രത്തിൽ വ്യക്തതയില്ല. എന്നാൽ, “ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും ആഗോള സമ്പദ്‌വ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന ഒരു പാതയായി മാറില്ലെന്ന് ഉറപ്പാക്കുകയായിരിക്കും വരാനിരിക്കുന്ന ചർച്ചകളുടെ ലക്ഷ്യമെന്ന് വാൻസ് കൂട്ടിച്ചേർത്തു.



