പാരീസ് – സംഘര്‍ഷം തുടര്‍ന്നാല്‍ ലോകത്ത് എണ്ണ ശേഖരം വേഗത്തില്‍ തീര്‍ന്നുപോകുമെന്ന ആശങ്ക യുദ്ധം അവസാനിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ എണ്ണ ശേഖരം ഏകദേശം നാല് ആഴ്ചക്കുള്ളില്‍ തീര്‍ന്നുപോകും. നിങ്ങള്‍ക്കറിയാമോ, ലോകമെമ്പാടും എണ്ണ ശേഖരമുണ്ട്. അവ തീര്‍ന്നുപോകും. നിങ്ങള്‍ക്ക് എണ്ണ ലഭിക്കാന്‍ കഴിയാത്ത ഒരു കാലം വരുമെന്ന് ജി-7 ഉച്ചകോടിക്കിടെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹിസ്ബുല്ലക്കെതിരെ ഇസ്രായില്‍ സ്വയം പ്രതിരോധിക്കണം. ഇസ്രായിലിന് സ്വയം പ്രതിരോധിക്കാന്‍ കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അവര്‍ വിവേകവും സംയമനവും പാലിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.
ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന് വ്യക്തമായ സമയപരിധി നല്‍കുന്നതില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറി. സ്ഥിതിഗതികള്‍ വികസിക്കുന്നതിനിടെ കുറച്ചുകാലം സൈനികര്‍ മേഖലയില്‍ തുടരുമെന്ന് ട്രംപ് പറഞ്ഞു. യു.എസ്-ഇറാന്‍ കരാറിന്റെ ഒരു പകര്‍പ്പ് അമേരിക്ക ഇസ്രായിലിന് അയച്ചതായി ട്രംപ് സ്ഥിരീകരിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ കരാറില്‍ ഇസ്രായില്‍ സര്‍ക്കാരിന് ഒന്നുമറിയില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായാണ് യു.എസ് പ്രസിഡന്റിന്റെ ഈ പരാമര്‍ശം. ഞങ്ങള്‍ ഒരു പകര്‍പ്പ് അയച്ചുവെന്ന് ചര്‍ച്ചകളെ കുറിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണെന്ന സൂചനകള്‍ തള്ളിക്കളഞ്ഞുകൊണ്ട് ട്രംപ് ചൂണ്ടികാട്ടി.
ഇറാന്റെ ആണവ പദ്ധതിയെ ഇസ്രായില്‍ വളരെക്കാലമായി അസ്തിത്വ സുരക്ഷാ ഭീഷണിയായി കാണുന്നു. ഇറാനെ ഗണ്യമായ ആണവ ശേഷി നിലനിര്‍ത്താനോ ഉപരോധങ്ങളില്‍ ഇളവ് നേടാനോ അനുവദിക്കുന്ന ഏതൊരു കരാറിനെതിരെയും ഇസ്രായില്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനുമായുള്ള കരാറിനെകുറിച്ച് ഇസ്രായിലുമായി കൂടിയാലോചിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കയും ഇസ്രായിലും തമ്മിലുള്ള സംഘര്‍ഷം വളര്‍ന്നുവരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. കരാറുമായി ബന്ധപ്പെട്ട്, അമേരിക്ക തങ്ങളുടെ ഏറ്റവും അടുത്ത മിഡില്‍ ഈസ്റ്റ് സഖ്യകക്ഷിയുമായി ഏകോപനം നടത്തിയിട്ടുണ്ടെന്ന് ഇസ്രായില്‍ നേതാക്കള്‍ക്കും ആഭ്യന്തര വിമര്‍ശകര്‍ക്കും ഉറപ്പുനല്‍കുക എന്നതായിരുന്നു ട്രംപിന്റെ പ്രസ്താവനയുടെ ലക്ഷ്യം.



