ബെയ്‌റൂത്ത് – തെക്കന്‍ ലെബനോനിലെ ആക്രമണങ്ങള്‍ ഇസ്രായില്‍ നിര്‍ത്തിയില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഖാതം അല്‍അന്‍ബിയ ആസ്ഥാനം എന്നറിയപ്പെടുന്ന ഇറാന്റെ പരമോന്നത സംയുക്ത സൈനിക കമാന്‍ഡ് ഭീഷണി മുഴക്കി. തെക്കന്‍ ലെബനോനിലെ ആക്രമണങ്ങള്‍ ഇസ്രായില്‍ സൈന്യം അവസാനിപ്പിച്ചില്ലെങ്കില്‍ ഇറാന്‍ സായുധ സേനയില്‍ നിന്ന് കടുത്ത പ്രതികരണം പ്രതീക്ഷിക്കണം. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായുള്ള കരാര്‍ പ്രഖ്യാപിച്ചതിനുശേഷം ഇസ്രായില്‍ ലെബനോനില്‍ 84 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായും ഖാതം അല്‍അന്‍ബിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പറഞ്ഞു.
തെക്കന്‍ ലെബനോനില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കുന്നില്ലെങ്കില്‍ ഇറാന്‍ അമേരിക്കയുമായി ആണവ കരാറില്‍ ഒപ്പുവെക്കില്ലെന്ന് ഹിസ്ബുല്ല വിശ്വസിക്കുന്നതായി ഹിസ്ബുല്ലയുടെ മീഡിയ റിലേഷന്‍സ് ഓഫീസ് വ്യക്തമാക്കി. ഇസ്രായില്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരുന്നതിനെ ഹിസ്ബുല്ല എതിര്‍ക്കുന്നു. അമേരിക്കയുമായുള്ള അടുത്ത ഘട്ട ചര്‍ച്ചയില്‍ ഇസ്രായിലിന്റെ പിന്‍വാങ്ങലിന് ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മനസ്സിലാക്കുന്നതായി ഹിസ്ബുല്ല റോയിട്ടേഴ്സിനോട് പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള അടുത്ത ഘട്ട ചര്‍ച്ചകളുടെ ഫലമായിരിക്കും ഇസ്രായില്‍ സൈന്യത്തിന്റെ പിന്‍വാങ്ങല്‍ എന്നും ഇത് മുന്‍വ്യവസ്ഥയല്ലെന്നും ഹിസ്ബുല്ല സൂചിപ്പിച്ചു. ലെബനോനിലെ ഇസ്രായിലി വെടിനിര്‍ത്തല്‍ ലംഘനം അമേരിക്കയുമായുള്ള വരാനിരിക്കുന്ന ചര്‍ച്ചകളെ ബാധിക്കുമെന്ന് ഇറാനില്‍ നിന്ന് തങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചതായി ഹിസ്ബുല്ല മീഡിയ റിലേഷന്‍സ് ഓഫീസ് അറിയിച്ചു.
ലെബനോനില്‍ ഇസ്രായില്‍ സേനയുടെ തുടര്‍ച്ചയായ സാന്നിധ്യം അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന്റെ ലംഘനമാകുമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ലെബനോനിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതും ലെബനോന്‍ ഭൂപ്രദേശത്തിന്റെ അധിനിവേശം അവസാനിപ്പിക്കുന്നതും ഉള്‍പ്പെടണം. ഈ യുദ്ധത്തില്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായിലി സൈന്യത്തെ പിന്‍വലിക്കാതെ, യുദ്ധത്തിന് പൂര്‍ണ്ണമായ അന്ത്യം കൈവരിക്കാനാവില്ല. ലെബനോനിനെതിരായ ഏതൊരു ഇസ്രായിലി ആക്രമണവും ലെബനോന്‍ പ്രദേശത്തിന്റെ തുടര്‍ച്ചയായ അധിനിവേശവും ധാരണാപത്രത്തിന്റെ ലംഘനമായി കണക്കാക്കും എന്ന് അറാഖ്ജി പ്രസ്താവിച്ചു.



