ജിദ്ദ. ഫലസ്തീന്‍ വിമോചന പോരാളി നേതാവ് യാസര്‍ അറഫാത്ത് ഉപയോഗിച്ചിരുന്ന സ്വകാര്യ വിമാനം ഇപ്പോഴും ഇസ്രായിലില്‍ രഹസ്യമായി പറക്കുന്നുണ്ടെന്ന് പ്രമുഖ ഇസ്രായിലി പത്രമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇസ്രായിലില്‍ നിന്ന് പലയിടത്തേക്കും ഈ വിമാനം പറക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ചലഞ്ചര്‍ 604 എന്ന ഈ വിമാനം 1999ല്‍ കാനഡയില്‍ നിര്‍മിച്ച് ഓസ്ട്രിയയില്‍ രജിസ്റ്റര്‍ ചെയ്തതാണ്.
ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് ആയിരിക്കെ അറഫാത്ത് ലോക യാത്രകള്‍ക്ക് ഉപയോഗിച്ചിരുന്നത് ഈ വിമാനമാണ്. യുഎസ്, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി പലയിടത്തേക്കും ഈ വിമാനത്തിലാണ് അറഫാത്ത് യാത്ര ചെയ്തിരുന്നത്. 2004ല്‍ അറഫാത്തിന്റെ മരണ ശേഷം പിന്നീട് ഉടമകളും പേരും മാറിയെങ്കിലും ഈ വിമാനം പറക്കല്‍ തുടര്‍ന്നു.
ഫലസ്തീനിയന്‍ അമേരിക്കന്‍ ബിസിനസുകാരന്‍ ബഷാര്‍ മിസ്രിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഈ വിമാനത്തെ 2016ല്‍ ദ്വീപു രാഷ്ട്രമായ ഐല്‍ ഓഫ് മാനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്നുമുതല്‍ ഇത് ഇസ്രായിലില്‍ സ്വകാര്യ വിമാന കമ്പനിയായ ശിനു എയറിനു കീഴിലാണ്. ഫ്‌ളൈറ്റ് ട്രാക്കിങ് സൈറ്റുകള്‍ പ്രകാരം ഈ വിമാനത്തിന്റെ പറക്കല്‍ രേഖകള്‍ പറയുന്നത് രഹസ്യമായി ഈ വിമാനം വിവിധ മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍, യുറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇപ്പോഴും പറക്കുന്നുണ്ടെന്നാണ്. ഏറ്റവുമൊടുവില്‍ പറന്നിരിക്കുന്നത് ബഗ്ദാദിലേക്കും ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലേക്കുമാണ്.