വാഷിംഗ്ടണ്‍ – ഗാസ യുദ്ധം അവസാനിപ്പിക്കാനും ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കാനുമായി ഹമാസുമായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനും അന്തിമമാക്കാനുമായി സാങ്കേതിക സംഘങ്ങള്‍ തിങ്കളാഴ്ച ഈജിപ്തില്‍ വീണ്ടും യോഗം ചേരും. വെടിനിര്‍ത്തല്‍ പദ്ധതിയുടെ ആദ്യ ഘട്ടം ഈ ആഴ്ച പൂര്‍ത്തിയാകുമെന്നും ട്രംപ് പറഞ്ഞു.
ഗാസ മുനമ്പിന്റെ അധികാരം ഉപേക്ഷിക്കാനും നിയന്ത്രണം കൈമാറാനും വിസമ്മതിച്ചാല്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി.
അതേസമയം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി, ഇസ്രായിലി ബന്ദികളുടെ മൃതദേഹങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചതായും ദൗത്യം പൂര്‍ത്തിയാക്കാന്‍ പ്രത്യേക പ്രദേശങ്ങളില്‍ വ്യോമാക്രമണം നിര്‍ത്താന്‍ ഈജിപ്ത് വഴി അഭ്യര്‍ഥിച്ചതായും ഹമാസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ജീവിച്ചിരിക്കുന്ന ബന്ദികളുടെ കൈമാറ്റം ഒറ്റഘട്ടമായി പൂര്‍ത്തിയാക്കും.
ഗാസ മുനമ്പില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തിന്റെ സ്ഥിരമായ പിന്‍വാങ്ങല്‍ വ്യവസ്ഥ ചെയ്തുകൊണ്ട് ഖത്തര്‍ വഴി ഹമാസിന് അമേരിക്കയില്‍ നിന്ന് ഗ്യാരണ്ടി ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ ഫലസ്തീന്‍-ഈജിപ്ഷ്യന്‍ അതോറിറ്റിക്ക് ആയുധങ്ങള്‍ കൈമാറാന്‍ ഹമാസ് സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം അമേരിക്കയെ അറിയിച്ചതായും ഹമാസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇസ്രായിലിന് സമര്‍പ്പിക്കാന്‍ ഹമാസ് മധ്യസ്ഥര്‍ക്ക് മൃതദേഹങ്ങളുടെയും ബന്ദികളുടെയും പട്ടിക നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ ബോംബാക്രമണത്തിലൂടെയും നാശത്തിലൂടെയും ഇസ്രായില്‍ ട്രംപ് പദ്ധതിയെ തടസ്സപ്പെടുത്തുകയാണ്. ഹമാസ് വെടിനിര്‍ത്തലിന് പ്രതിജ്ഞാബദ്ധമാണെന്നും ഇസ്രായേലിന്റെ കെണിയില്‍ അകപ്പെടില്ലെന്നും ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു.
ഇസ്രായിലി ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും പരസ്പരം കൈമാറാനുള്ള കരാറിന്റെ ഭാഗമായി ഫലസ്തീന്‍ നേതാക്കളെ വിട്ടയക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടതായി ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം ഒരാഴ്ച മുമ്പ് യു.എസ് പ്രസിഡന്റ് വെളിപ്പെടുത്തിയ സമാധാന പദ്ധതിയില്‍ ഗാസയില്‍ നിന്നുള്ള ഇസ്രായിലി സൈന്യത്തിന്റെ പിന്മാറ്റത്തിന് കൃത്യമായ സമയപരിധി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ബന്ദികളെ മോചിപ്പിക്കുന്നതിന് സാഹചര്യമൊരുക്കി ഇസ്രായില്‍ സൈന്യം ധാരണയിലെത്തുന്ന ഒരു ലൈനിലേക്ക് പിന്‍വാങ്ങുമെന്നും പൂര്‍ണവും ക്രമേണയുള്ളതുമായ സൈനിക പിന്മാറ്റ വ്യവസ്ഥകള്‍ പാലിക്കുന്നതു വരെ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുമെന്നും ട്രംപ് പദ്ധതി വ്യവസ്ഥ ചെയ്യുന്നു.
സൈന്യത്തെ പുനര്‍വിന്യസിക്കുമെന്നും ഗാസയിലെ തന്ത്രപരമായ പ്രധാനപ്പെട്ട പ്രദേശങ്ങളില്‍ നിയന്ത്രണം തുടരുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസിന്റെ നിരായുധീകരണവും ഗാസയില്‍ നിന്ന് ആയുധം നീക്കം ചെയ്യലും ട്രംപ് പദ്ധതിക്ക് അനുസൃതമായി നയതന്ത്രപരമായോ, ആവശ്യമെങ്കില്‍ സൈനികപരമായോ നടക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായിലിന്റെ സുരക്ഷ സംരക്ഷിക്കാനും യുദ്ധ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നുവെന്ന് ഉറപ്പാക്കാനും ഇസ്രായില്‍ സൈന്യം ഗാസ മുനമ്പില്‍ തന്നെ തുടരുമെന്നും നെതന്യാഹു ആവര്‍ത്തിച്ചു.