കയ്റോ – പട്ടാപ്പകല്‍ നടുറോഡില്‍ നിരവധി പേര് നോക്കിനില്‍ക്കെ ഓട്ടോറിക്ഷ തടഞ്ഞ് യുവതി ഡ്രൈവറെ ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ചു. ഈജിപ്തിലെ മനൂഫിയ ഗവര്‍ണറേറ്റിലാണ് സംഭവം. യുവതി ഡ്രൈവറെ വലിയ വടിവാളുകൊണ്ട് ആക്രമിക്കുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. യുവതി നടുറോഡില്‍ തന്റെ കാര്‍ ഉപയോഗിച്ച് ഓട്ടോറിക്ഷ തടയുകയായിരുന്നു. തുടര്‍ന്ന് വടിവാളുമായി കാറില്‍ നിന്ന് പുറത്തിറങ്ങി യുവാവിനെ തുരുതുരാ വെട്ടുകയായിരുന്നു.
ഓട്ടോറിക്ഷയുടെ ഇടതു ഭാഗം യുവതി സ്വന്തം കാര്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയ്ത് വലതു ഭാഗത്തു കൂടി എത്തിയാണ് ഡ്രൈവറെ ആക്രമിച്ചത്. ഇതുകൊണ്ട് ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തിറങ്ങി രക്ഷപ്പെടാന്‍ ഡ്രൈവര്‍ക്ക് സാധിച്ചില്ല. ആക്രമണത്തിനു ശേഷം കാറില്‍ കയറി സ്ഥലം വിട്ട യുവതിയെ പിന്നീട് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ സഹോദരനാണ് ആക്രമണത്തിന് ഇരയായതെന്ന് വ്യക്തമായി. മുന്‍ ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി മുന്‍ ഭര്‍ത്താവിന്റെ സഹോദരനെ ആക്രമിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി.



